സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് 12 കോടി പിടിച്ചെടുത്തു
Tuesday, November 19, 2024 2:36 AM IST
ന്യൂഡൽഹി: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ ഇഡി കണക്കിൽപ്പെടാത്ത 12 കോടി രൂപ പിടിച്ചെടുത്തു. 6.42 കോടി രൂപയുടെ നിക്ഷേപങ്ങൾ മരവിപ്പിക്കുകയും ചെയ്തു.
തമിഴ്നാട്, പശ്ചിമബംഗാൾ, കർണാടക, ഉത്തർപ്രദേശ്, മേഘാലയ, പഞ്ചാബ് എന്നിവിടങ്ങളിൽ കഴിഞ്ഞയാഴ്ചയായിരുന്നു പരിശോധന.
കോയന്പത്തൂർ, ചെന്നൈ, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകളും പിടിച്ചെടുത്തു. ഓഹരിവിപണിയിലും വൻതോതിൽ പണം നിക്ഷേപിച്ചിരുന്നു.
ലോട്ടറി വില്പനയിൽ വൻതോതിലുള്ള ക്രമക്കേടുകളാണു കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു. നറുക്കെടുപ്പിലെ വിജയികളെക്കുറിച്ചുള്ള കൃത്യമായ രേഖകൾ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയ്മിംഗ് ഉൾപ്പെടെ കന്പനികൾ സൂക്ഷിച്ചിരുന്നില്ല. വിറ്റ ടിക്കറ്റുകൾ, ബാക്കിവന്ന ടിക്കറ്റുകൾ എന്നിവയെക്കുറിച്ചും രേഖകൾ ഇല്ലായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.