ജസ്റ്റീസ് ഡി. കൃഷ്ണകുമാറിനെ മണിപ്പുർ ചീഫ് ജസ്റ്റീസായി നിയമിക്കാൻ ശിപാർശ
Tuesday, November 19, 2024 2:36 AM IST
ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ഡി. കൃഷ്ണകുമാറിനെ മണിപ്പുർ ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു.
കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുന്നതോടെ നിയമനം പ്രാബല്യത്തിൽ വരും. നിലവിലെ ചീഫ് ജസ്റ്റീസ് സിദ്ധാർഥ് മൃദുൽ ഈ മാസം 21 ന് വിരമിക്കുന്നതിനെത്തുടർന്നാണ് നിയമനം. മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് പിന്നോക്ക വിഭാഗത്തിൽനിന്നുള്ള ജസ്റ്റീസ് കൃഷ്ണകുമാർ.
ജസ്റ്റീസ് ഡി. കൃഷ്ണകുമാറിന് സിവിൽ, സേവന നിയമങ്ങളിലും ഭരണഘടനാപരമായ കാര്യങ്ങളിലും വൈദഗ്ധ്യമുണ്ടെന്ന് കൊളീജിയം സമർപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ ഭരണഘടനാനിയമത്തിൽ സ്പെഷലൈസേഷനുള്ള അദ്ദേഹം മികച്ച സേവനം ലഭ്യമാക്കുമെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ കൊളീജിയം അവകാശപ്പെട്ടു.
2025 മേയിൽ ജസ്റ്റീസ് കൃഷ്ണകുമാർ വിരമിക്കും. രൂക്ഷമായ പ്രതിസന്ധിയിലൂടെ മണിപ്പുർ കടന്നുപോകുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് കൃഷ്ണകുമാർ ചുമതലയേൽക്കുന്നത്.