ആഗോള അയ്യപ്പസംഗമം നാളെ പന്പയിൽ
Friday, September 19, 2025 1:45 AM IST
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ പന്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പന്പയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം. നേരത്തേ രജിസ്ട്രേഷൻ നടത്തിയവരുൾപ്പെടെ 3000 മുതൽ പരമാവധി 3500 പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. രാവിലെ ആറു മുതൽ ഒന്പതുവരെ രജിസ്ട്രേഷനും 9.30ന് ഉദ്ഘാടന സമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
മൂന്ന് സെക്ഷനുകളായി തിരിഞ്ഞ് ശബരിമല വികസനം, തിരക്ക് നിയന്ത്രണം സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.
മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, മുൻ ഡിജിപി ഡോ. ജേക്കബ് പുന്നൂസ് തുടങ്ങിയവരാണ് പ്രധാന വിഷയങ്ങൾ അവതരിപ്പിക്കുന്നത്. 4.30ഓടെ സംഗമം സമാപിക്കും. തുടർന്ന് പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനായി സൗകര്യമൊരുക്കും.