അമീബിക് മസ്തിഷ്കജ്വരം ; ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുന്നു: വി.ഡി. സതീശൻ
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: അമീബിക് മസ്തികജ്വരത്തെ പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാരണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെയോ മറ്റ് വിദഗ്ധ ഏജൻസികളുടെയോ സഹായം തേടണം.
അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നു എന്നു കാട്ടി പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കഴിഞ്ഞ കാലങ്ങളിൽ കേരളം ആരോഗ്യരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ കുറെ വർഷങ്ങളായി ഇതെല്ലാം നിശ്ചലാവസ്ഥയിലാണ്.
കേരളത്തിൽ ആദ്യത്തെ മസ്തിഷ്കജ്വരം കേസ് റിപ്പോർട്ട് ചെയ്യുന്നത് 2016 ലാണ്. എന്നാൽ ഇത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കുഴപ്പമാണെന്നു വരുത്തിത്തീർക്കാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഉറവിടം കണ്ടെ ത്തുന്നതിലും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പു നൽകുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും സതീശൻ കുറ്റപ്പെടുത്തി.