ഒരു വോയ്സ് ക്ലിപ്പിനായി കാത്തിരിക്കാം
Friday, September 19, 2025 1:45 AM IST
സാബു ജോണ്
തിരുവനന്തപുരം: ഒരുപാടു വോയ്സ് ക്ലിപ്പുകളുടെയും വീഡിയോ ക്ലിപ്പുകളുടെയും പിന്നാലെ പോയ നാടാണു കേരളം. പുതിയ ഒരു വോയ്സ് ക്ലിപ്പ് വെളിയിൽ വരുമോയെന്ന ചിന്തയോടെയാണ് ഇന്നലെ നിയമസഭയിൽ നിന്നു സാമാജികർ പുറത്തിറങ്ങിയത്.
വിലക്കയറ്റത്തേക്കുറിച്ചുള്ള അടിയന്തരപ്രമേയ ചർച്ചയ്ക്കിടയിലാണു സംഭവം. പറവൂരിൽ സപ്ലൈക്കോയുടെ ഓണച്ചന്ത ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സപ്ലൈക്കോ നല്ല നിലയിൽ പ്രവർത്തിക്കുന്നതായി പറഞ്ഞെന്നു സഭയിൽ പറഞ്ഞത് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായ ജി.ആർ. അനിൽ ആണ്. മന്ത്രി പച്ചക്കള്ളമാണു പറഞ്ഞതെന്നു സതീശൻ തിരച്ചടിച്ചു.
അന്നു വേദിയിൽ വിളക്കു കൊളുത്തിയതേ ഉള്ളു. പ്രസംഗിച്ചു പോലുമില്ല. തന്റെ കൈയിൽ വോയ്സ് ക്ലിപ്പ് ഉണ്ടെന്നും അയച്ചു കൊടുക്കാമെന്നും മന്ത്രി പറഞ്ഞു. സമയത്ത് ചർച്ച തീർക്കണമെന്നാഗ്രഹമുള്ള സ്പീക്കർ എ.എൻ. ഷംസീർ ഇരുവരെയും പ്രോത്സാഹിപ്പിച്ചില്ല. അതുകൊണ്ട് ആ വെല്ലുവിളി ഇടയ്ക്കുവച്ചു മുറിഞ്ഞു പോയി.
രൂക്ഷമായ വിലക്കയറ്റം കൊണ്ടു ജനങ്ങൾ പൊറുതി മുട്ടുന്ന സ്ഥിതിവിശേഷത്തേക്കുറിച്ചു ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുന്പോൾ ആകാമെന്നു ഭരണപക്ഷം പറഞ്ഞാൽ വിലക്കയറ്റമുണ്ടെന്നു ഭരണപക്ഷവും അംഗീകരിച്ചു എന്നല്ലേ അതിനർഥമെന്ന് പി.സി. വിഷ്ണുനാഥ് ചോദിച്ചു. ചർച്ച ആകാമെന്ന് മന്ത്രി പറഞ്ഞപ്പോൾ ഭരണപക്ഷക്കാർ ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത് തനിക്കുള്ള പിന്തുണ ആയാണു വിഷ്ണുനാഥ് കാണുന്നത്.
എന്നാൽ അടിയന്തരപ്രമേയം കണ്ട് ഭരണപക്ഷം അന്പരന്നു നിൽക്കുകയാണ്. പ്രതിപക്ഷത്തിന് എന്തു പറ്റിയെന്നാണ് അവരുടെ ചോദ്യം. കേരളത്തിൽ വിലക്കയറ്റമേ ഇല്ല എന്നാണവരുടെ പക്ഷം. ഇത്തവണത്തേത് ഹാപ്പി ഓണം ആയിരുന്നു എന്നാണു വി. ജോയി പറഞ്ഞത്. ഇത്തവണത്തേത് അല്ല, എല്ലാത്തവണയും കേരളത്തിൽ ഓണം ഹാപ്പി ആണെന്ന് എം. വിൻസന്റ് പറഞ്ഞു. കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പ്രമാണം.
ഭരണത്തിന്റെ അവസാനകാലമായതിനാൽ ഇനി വിലക്കയറ്റം നിയന്ത്രിക്കാൻ ഈ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് പി.സി. വിഷ്ണുനാഥിന് ഉറപ്പാണ്. വേണമെങ്കിൽ ഒരു അന്തർദേശീയ വിലക്കയറ്റ വിരുദ്ധ കോണ്ക്ലേവ് നടത്താമെന്നൊരു നിർദേശം വിഷ്ണുനാഥ് മുന്നോട്ടുവച്ചു. ഇനി കോണ്ക്ലേവ് നടത്തിയിട്ടും കാര്യമില്ലെന്നാണു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പക്ഷം.
അടിയന്തരപ്രമേയത്തിനുള്ള മന്ത്രിയുടെ മറുപടിയിൽ അൽപം പരിഹാസത്തിന്റെ ചുവയുണ്ടായിരുന്നു. ഭരണപക്ഷാംഗങ്ങളും അങ്ങനെയൊരു മാനസികാവസ്ഥയിലായിരുന്നു. പ്രതിപക്ഷ നേതാവ് ഒടുവിൽ വാക്കൗട്ട് പ്രഖ്യാപിച്ചു. അപ്പോൾ ഭരണപക്ഷത്തു നിന്നു കൂക്കിവിളി ഉയർന്നു. നിൽക്കണോ പോകണോ എന്ന മട്ടിൽ പ്രതിപക്ഷം അൽപസമയം അവിടെ തന്നെ നിന്നു. അടുത്ത ബില്ലിൽ സംസാരിക്കേണ്ട എ.പി. അനിൽകുമാർ ഏതായാലും സ്വന്തം സീറ്റിൽ നിന്നു. വനവുമായി ബന്ധപ്പെട്ട ബില്ലുകൾ പരിഗണിക്കുന്നതിനാൽ പ്രതിപക്ഷത്തിന് ബഹിഷ്കരിച്ചു പോകാനും കഴിയില്ലായിരുന്നു.
എ.കെ. ആന്റണിയുടെ വാർത്താസമ്മേളനം സഭയിലെത്തിച്ചു ചർച്ചയാക്കാൻ ശ്രമിച്ചത് ശിവഗിരി ഉൾപ്പെടുന്ന പ്രദേശത്തിന്റെ പ്രതിനിധിയായ വി. ജോയി ആണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രി പി. രാജീവും ഏറ്റുപിടിച്ചു.
അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ ഈ വിഷയം ചർച്ചയാക്കുന്നതിന്റെ ശേലുകേട് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സമയപരിമിതി മൂലം ജോയിക്ക് പറയാൻ ഉദ്ദേശിച്ചതെല്ലാം പറയാനായില്ല. കുന്നംകുളം പോലീസ് മർദനത്തിൽ ഉൾപ്പെട്ട പോലീസുകാരെ സർവീസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ടു പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം മൂന്നു ദിവസം പിന്നിട്ടു.
സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിലെ പ്രതിഷേധം പ്രതിപക്ഷ നേതാവ് രേഖപ്പെടുത്തി. സത്യഗ്രഹസമരം തുടരുമെന്ന് അറിയിക്കുകയും ചെയ്തു. എങ്കിലും സമരത്തിൽ എന്തോ ഒരു കല്ലുകടി. ഇന്നു കഴിഞ്ഞാൽ സഭ ഒരാഴ്ചത്തേക്ക് ഒഴിവായതിനാൽ സമരം ഇന്നു കൊണ്ട് ആവിയായിത്തീരുമോ എന്നു കണ്ടറിയാം.