പുനരൈക്യ വാർഷിക സഭാ സംഗമം നാളെ
Friday, September 19, 2025 1:45 AM IST
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാർഷിക സഭാ സംഗമം നാളെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂർ ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂളിൽ നടക്കും.
അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് തൃതീയൻ പാത്രിയർക്കീസ് ബാവയ്ക്കും മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ ബിഷപ്പുമാർക്കും രാവിലെ 8.15ന് സ്വീകരണം നൽകും.
തുടർന്ന് വിശുദ്ധ സമൂഹബലിക്ക് കർദിനാൾ ക്ലീമിസ് ബാവ മുഖ്യകാർമികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും.
11.45ന് പുനരൈക്യ വാർഷിക സംഗമത്തോടനുബന്ധിച്ച് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ അധ്യക്ഷത വഹിക്കും. ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിക്കും.
പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് ഇന്ന് 1.30 മുതൽ ഭക്തസംഘടനകളുടെ സംഗമങ്ങൾ നടക്കും. അല്മായ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുവജനസംഗമം മന്ത്രി റോഷി അഗസ്റ്റിനും കുട്ടികളുടെ സംഗമം മന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.