വ്യാജപ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും: കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ
Friday, September 19, 2025 1:45 AM IST
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ.
തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും തകര്‍ക്കുന്നതിന് നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയെന്നതു വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രമാണ്.
ഒരു ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഉയര്ത്തെഴുന്നേല്പിക്കാനും ജീര്‍ണതയുടെ അഗാധ ഗര്‍ത്തങ്ങളില്‍നിന്നു രക്ഷ നേടുന്നതിനുമുള്ള നെറികെട്ട പ്രചാരണം മാത്രമാണിതെന്നും കെ.എന്‍. ഉണ്ണിക്കൃഷ്ണന് പറഞ്ഞു.