മാർ ജേക്കബ് തൂങ്കുഴി കാലംചെയ്തു
Thursday, September 18, 2025 1:18 AM IST
തൃശൂർ: അരനൂറ്റാണ്ടിലേറെ നീണ്ട ഇടയശുശ്രൂഷയിലൂടെ ലക്ഷക്കണക്കിനു വിശ്വാസികളുടെ മനസിൽ വത്സലപിതാവായി ഇടംനേടിയ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി (95) കാലംചെയ്തു. വിശ്രമജീവിതത്തിനിടെ തൃശൂർ സെന്റ് മേരീസ് സെമിനാരിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ന് ആയിരുന്നു അന്ത്യം.
മാനന്തവാടി, താമരശേരി രൂപതകളുടെ മെത്രാനും തൃശൂർ അതിരൂപതയുടെ ആർച്ച്ബിഷപ്പുമായിരുന്ന മാർ തൂങ്കുഴിയുടെ സംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഘട്ടം 21നു നടക്കും. രാവിലെ 11.30നു തൃശൂർ അതിരൂപതാമന്ദിരത്തിൽ സംസ്കാരശുശ്രൂഷയ്ക്കു തുടക്കംകുറിക്കും.
ഉച്ചയ്ക്കുശേഷം 12.15ന് തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ പൊതുദർശനം. 3.30നു ബസിലിക്കയിൽനിന്നു തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്ര ലൂർദ് കത്തീഡ്രൽ പള്ളിയിലേക്ക്. വൈകുന്നേരം അഞ്ചുമുതൽ ലൂർദ് കത്തീഡ്രലിൽ സംസ്കാരശുശ്രൂഷ നടത്തുന്നതുവരെ പൊതുദർശനം. 22നു രാവിലെ 9.30നു സംസ്കാരശുശ്രൂഷയുടെ രണ്ടാംഘട്ടം ലൂർദ് കത്തീഡ്രലിൽ ആരംഭിക്കും.
10നു വിശുദ്ധകുർബാനയോടുകൂടിയുള്ള കർമങ്ങൾ. ഉച്ചയ്ക്ക് ഒന്നിനു ഭൗതികശരീരം കോഴിക്കോട് കോട്ടൂളിയിൽ ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ "ഹോം ഓഫ് ലൗ’ജനറലേറ്റിലേക്കു കൊണ്ടുപോകും. വൈകുന്നേരം 4.30നു ജനറലേറ്റിൽ പൊതുദർശനം. വൈകുന്നേരം ആറിനു സംസ്കാരശുശ്രൂഷയുടെ സമാപനകർമങ്ങളും നടക്കും.
ലാളിത്യവും വിശുദ്ധിയുംകൊണ്ട് ആത്മീയജീവിതത്തിന്റെ ഔന്നത്യത്തിലേക്കുയർന്ന പിതാവാണു മാർ തൂങ്കുഴി. പാലാ വിളക്കുമാടം തൂങ്കുഴി കുര്യൻ - റോസ ദന്പതികളുടെ മകനായി 1930 ഡിസംബർ 13ന് ജനനം. പേര്: ചാക്കോ. ബന്ധുമിത്രാദികൾ പിന്നീട് കോഴിക്കോട് തിരുവന്പാടിയിലേക്കു കുടിയേറി.
1956 ഡിസംബർ 22നു തലശേരി രൂപതയ്ക്കുവേണ്ടി റോമിലായിരുന്നു പൗരോഹിത്യ സ്വീകരണം. പിന്നീട് നാലുവർഷംകൂടി റോമിൽ പഠനം തുടർന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ സെക്രട്ടറിയും തലശേരി രൂപതയുടെ ചാൻസലറുമായി ചുമതലയേറ്റു.1973 മേയ് ഒന്നിനു മാനന്തവാടി രൂപത രൂപംകൊണ്ടപ്പോൾ 43-ാം വയസിൽ പ്രഥമമെത്രാനായി. സുദീർഘമായ 22 വർഷംകൊണ്ട് രൂപതയെ ആത്മീയ-സാമൂഹ്യ വളർച്ചയിലേക്കു നയിച്ചു. 1995ൽ താമരശേരി രൂപതയുടെ മെത്രാനായി.
1996 ഡിസംബർ 18നു തൃശൂർ ആർച്ച്ബിഷപ്പായി നിയമനം. 2007 മാർച്ച് 18നു വിരമിച്ചു. സിബിസിഐ വൈസ് പ്രസിഡന്റായി ആറുവർഷം പ്രവർത്തിച്ചു. കാരിത്താസ് ഇന്ത്യ യുടെ ചെയർമാനായിരുന്നു. അഞ്ഞൂറിലധികം സിസ്റ്റർമാരുമായി ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ചുവരുന്ന ക്രിസ്തുദാസിസമൂഹത്തിന്റെ സ്ഥാപകനാണ്.
മാർ ജേക്കബ് തൂങ്കുഴിയോടുള്ള ആദരസൂചകമായി തൃശൂർ അതിരൂപതയുടെ എല്ലാ സ്ഥാപനങ്ങൾക്കും 22ന് അവധി പ്രഖ്യാപിച്ചു. പിതാവിനോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങൾക്കു പകരം, പിന്നീട് ഉപകരിക്കുന്ന രീതിയിൽ സാരിയോ മറ്റു തുണിത്തരങ്ങളോ സമർപ്പിക്കാനും അതിരൂപത അഭ്യർഥിച്ചു.