ഡിസിഎൽ ബാലരംഗം
Friday, September 19, 2025 1:45 AM IST
കൊച്ചേട്ടന്റെ കത്ത്
കാക്കകാഷ്ഠം കാഡ്ബറിയല്ല മക്കളേ,
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഞെട്ടലോടെയാണ് കേരളം ആ വാർത്ത കേട്ടത്. 16 വയസുകാരനായ ബാലൻ കഴിഞ്ഞ മൂന്നു വർഷമായി ഇരുപതിലധികം കാമഭ്രാന്തന്മാരുടെ ശാരീരിക പീഡനത്തിനിരയായി മനസു തകർന്ന് ജീവിക്കുന്ന വാർത്ത! അതിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുതൽ രാഷ്ട്രീയ നേതാക്കൾവരെ ഉൾപ്പെട്ടിട്ടുണ്ട് എന്നുകൂടി വെളിപ്പെടുന്പോൾ കേരളത്തിൽ ധാർമ്മികബോധം മുറിവേറ്റു പിടയുകയാണ്. എട്ടാംക്ലാസു മുതൽ അപരിചിതരായ മുതിർന്നവരുടെ കൗശലസ്നേഹനാട്യത്തിൽ വശീകരിക്കപ്പെട്ട് പിന്നീട് രക്ഷപ്പെടാനാകാത്തവിധം, മാനസിക നില തളർന്നുപോയ കുട്ടിയെ കൗൺസിലിംഗിലൂടെ വീണ്ടെടുക്കാനുള്ള കഠിനശ്രമത്തിലാണ്, ഉത്തരവാദിത്തപ്പെട്ടവർ!
വിദ്യാർഥികൾ ഉപയോഗിക്കാൻ പാടില്ലാത്ത ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ആപ്പിലായി, സ്വവർഗഭോഗം എന്ന പ്രകൃതിവിരുദ്ധ ശാരീരിക ബന്ധത്തിന് ഇരയായ ഒരു ബാലന്റെ കഥയാണിത്.
ലൈംഗികത ദൈവം മനുഷ്യന് നല്കുന്ന അമൂല്യദാനമാണ്. ലോകത്തിലെ എല്ലാ മതങ്ങളുംതന്നെ അവരുടെ ധാർമ്മിക മൂല്യം പഠിപ്പിക്കുന്പോൾ ശരീരത്തിന്റെ ഉപയോഗത്തെപ്പറ്റി വ്യക്തവും അനന്യവുമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നുണ്ട്. ഹൃദയത്തിന്റെ ശുദ്ധിയും ശരീരത്തിന്റെ വൃത്തിയും നല്ല വ്യക്തിത്വത്തിന്റെ സിദ്ധികളാണ്!
ഓരോ വ്യക്തിയുടെയും ജീവിതം സ്വന്തമായ ധാർമ്മിക മൂല്യങ്ങളിൽ അടിയുറച്ചതാകണം. മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ചുമാത്രം ജീവിക്കുന്നവർ സ്വന്തമായ ലക്ഷ്യത്തിലെത്തില്ല. ""ഭൂരിപക്ഷം വോട്ടിനനുസരിച്ചല്ല ഒരു വ്യക്തി സ്വന്തം ധാർമ്മികത രൂപീകരിക്കുന്നത്'' എന്നാണ്, ആത്മീയ ചിന്തകനായ ബിഷപ് ഫുൾട്ടൺ ജെ ഷീൻ പറയുന്നത്.
""ഹൃദയശുദ്ധിയുള്ള ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും'' എന്നാണ് ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നത്. ""ബ്രഹ്മചര്യം ഒരു വ്യക്തിത്വത്തിന്റെ ശക്തിയാണ് '' എന്നാണ് മഹാത്മഗാന്ധി അനുഭവിക്കുന്നത്. ഭാരതീയ പാരന്പര്യത്തിലെ വിവിധ യോഗാഭ്യാസ മുറകളും ബുദ്ധമതത്തിന്റെ അഷ്ടമാർഗങ്ങളും ഇസ്ലാംമതത്തിലെ ഉപവാസക്രമങ്ങളും ഒരു വിശ്വാസിയുടെ വൈകാരിക നിയന്ത്രണത്തിനും വികാര സംയമനത്തിലൂടെയുള്ള കുലീനമായ പാരസ്പര്യത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ട്! ""വൈകാരികമായ സന്തുലിതാവസ്ഥയാണ്, സമഗ്രമായ വ്യക്തിത്വ വികാസത്തിന്റെ മാർഗം'' എന്ന് ലോകപ്രശസ്ത മനഃശാസ്ത്രജ്ഞൻ കാൾ ഗസ്റ്റാവ് യൂജ് നിരീക്ഷിക്കുന്നുണ്ട്.
മാതാപിതാക്കളേക്കാൾ നവമാധ്യമപരിചയം നേടുന്ന "ജെൻസി' മക്കൾക്ക്, പക്ഷേ, ഡൗൺലോ്ഡ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ആപ്പുകൾ ഏതെല്ലാമെന്ന് നന്നായി അറിയാം. എങ്കിലും സാംസ്കാരിക സമൂഹം അസഭ്യമെന്നു മുദ്രകുത്തുന്ന ഗേ ഗ്രൂപ്പുകളോട് "ഗോ എവേ' പറയാതെ, സ്വവർഗ ഭോഗികളുടെ മൃഗയാ വിനോദങ്ങളിലേക്ക് സ്വയം വലിച്ചെറിയാൻ ബാലകർക്ക് വഴിയൊരുക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് കാഡ്ബറിയാണെന്നുകരുതി കാക്കക്കാഷ്ടം കഴിക്കുന്നതുപോലെയാണ്.
കൂട്ടുകാരേ, നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണ്. അത് മറ്റൊരാളുടെ ആസക്തി പൂരിപ്പിക്കാനുള്ള ഉപകരണമാക്കരുത്. കുറഞ്ഞ ആത്മവിശ്വാസവും വ്യക്തിത്വത്തെപ്പറ്റി മതിപ്പില്ലായ്മയുമുള്ളവർ അപകർഷതാബോധത്തിനടിമയായി, സ്വയം അപമാനിക്കും. വിവാഹജീവിതത്തിലെ പങ്കാളിയുമായി പങ്കുവച്ച്, നല്ല മക്കൾക്ക് ജന്മം നൽകി, മനുഷ്യകുലത്തിന്റെ സുഗമമായ വളർച്ച സാധ്യമാക്കാൻ ലൈംഗികതയുടെ ഉത്തരവാദിത്തബോധത്തോടെയുള്ള ഉപയോഗം ആവശ്യമാണ്. വളരുന്ന പ്രായത്തിൽ കൂട്ടുകാർ, ആത്മസംയമനവും ആത്മീയമൂല്യങ്ങളിലൂടെ വികസിക്കുന്ന ധാർമ്മികതയും നേടിയെടുത്താൽ അന്തസുള്ള ജീവിതം നയിക്കാം. സോഷ്യൽ മീഡിയായിൽ കാക്കകാഷ്ഠവും കാഡ്ബറി മിഠായിയും ഉണ്ട്. ദൂരെനിന്നു നോക്കുന്പോൾ രണ്ടും ഒരുപോലെ തോന്നാം. എന്നാൽ, അടുത്തറിയുന്പോൾ, ഒന്നിന് ദുർഗന്ധവും മറ്റൊന്നിന് മധുരവുമാണെന്ന് മനസിലാകും. നമുക്കു നന്മ തെരഞ്ഞെടുക്കാം. തെറ്റിന്റെ ചേറ്റിൽനിന്ന് എങ്ങനെയെങ്കിലും കരകയറാം. മാന്യതയുടെ മുതലാളിയാകാം. മദം പൊട്ടി നടക്കാതെ, മതബോധത്തിൽ സ്വയം നട്ടുവളർത്താം. നാടിന് നന്മ മുഖം പകരാം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
തൊടുപുഴ മേഖല ടാലന്റ് ഫെസ്റ്റ്: ഡിപോളും വിമലയും ജേതാക്കൾ

തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖല ടാലന്റ് ഫെസ്റ്റിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂളും, എൽപി വിഭാഗത്തിൽ വിമല പബ്ലിക് സ്കൂൾ എൽപി വിഭാഗവും ജേതാക്കളായി.
തൊടുപുഴ വിമല പബ്ലിക് സ്കൂൾ എൽപി വിഭാഗത്തിൽ നടന്ന ടാലന്റ് ഫെസ്റ്റിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിമല പബ്ലിക് സ്കൂളും, യു.പി .വിഭാഗത്തിൽ തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂളും, എൽ പി വിഭാഗത്തിൽ ഡി പോൾ പബ്ലിക് സ്കൂളും റണ്ണേഴ് അപ്പായി.
വിജയികൾക്ക് വിമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് മേരി സിഎംസി, എൽപി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസീന സിഎംസി, ഡിസിഎൽ തൊടുപുഴ പ്രവിശ്യ കോ-ഓർഡിനേറ്റർ റോയി ജെ. കല്ലറങ്ങാട്ട് എന്നിവർ സമ്മാനങ്ങൾ നല്കി. മത്സരങ്ങൾക്ക് മേഖല ഓർഗനൈസർ എബി ജോർജ്, ശാഖാ ഡയറക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.
ഡിസിഎൽ ടാലന്റ് ഫെസ്റ്റുകളും യുട്യൂബിലേക്ക്

ദീപിക ബാലസഖ്യത്തിന്റെ മേഖല, പ്രവിശ്യാ മത്സരങ്ങൾക്ക് പുതിയ നിറം പകർന്നുകൊണ്ട്, കുട്ടികൾ അവതരിപ്പിക്കുന്ന മത്സരയിനങ്ങൾ DCLDEEPIKA യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്നു.
ഡിസിഎൽ മത്സരങ്ങൾ വീഡിയോ എടുക്കേണ്ട മാർഗനിർദ്ദേശങ്ങൾ:
1. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ ഓരോരുത്തരുടേതായി അയച്ചു തരിക.
2. അയച്ചുതരുന്ന വീഡിയോയുടെ താഴെ കുട്ടിയുടെ പേര്, സ്കൂൾ, സ്ഥലം എന്നിവ എഴുതേണ്ടതാണ്.
3. ഗ്രൂപ്പ് ഐറ്റം ആണെങ്കിൽ സ്കൂളിന്റേ പേരും സ്ഥലപ്പേരും എഴുതുക.
4. 9349599181 എന്ന നമ്പറിലേക്കാണ് വീഡിയോകൾ അയക്കേണ്ടത്.
5.അവതരിപ്പിക്കുന്ന ആളിലേക്ക് ഫോക്കസ് ചെയ്ത് കാമറ അനക്കാതെ വീഡിയോ എടുക്കുക.
6. വീഡിയോ എടുത്ത് അപ്പോൾ തന്നെയോ പിന്നീടോ അയച്ചുതരാം. കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്തണം.
7. പരമാവധി ക്ലാരിറ്റിയുള്ള ഫോണിൽ വീഡിയോ എടുക്കുക.
8. ഉദ്ഘാടനം , പ്രസംഗം എന്നിവയുടെ വീഡിയോ തരുന്നുണ്ടെങ്കിൽ ഏതു മേഖല, പങ്കെടുത്ത ആളുകളുടെ പേര്, ഉദ്ഘാടനം ചെയ്ത ആളുടെ പേര് പ്രസംഗിച്ച ആളുടെ പേര് എന്നീ കാര്യങ്ങൾ കൃത്യമായി നല്കേണ്ടതാണ്. കുട്ടികൾക്കും തങ്ങളുടെ മത്സരത്തിന്റെ വീഡിയോ എടുത്ത് അയയ്ക്കാവുന്നതാണ്.
തൊടുപുഴ പ്രവിശ്യ : അഗസ്റ്റിനും ഇവാനയും കൗൺസിലർമാർ, അർളിൻ ലീഡർ
തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ നേത്യ സംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് വിമല പബ്ലിക് സ്കൂൾ എൽ.പി സെക് ഷനിൽ നടത്തി. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
പ്രവിശ്യാ കൗൺസിലർമാരായി കരിങ്കുന്നം മേഖലയിലെ അഗസ്റ്റ്യൻ ബിനോയിയും (നിർമല പബ്ലിക് സ്കൂൾ പിഴക് ) കരിമണ്ണൂർ മേഖലയിലെ ഇവാന ജോയും (സെന്റ് മേരീസ് എച്ച്.എസ്.എസ് കാളിയാർ) തെരഞ്ഞെടുക്കപ്പെട്ടു. കൂത്താട്ടുകുളം മേഖലയിലെ അർളിൻ ട്രീസ അബി (സെൻറ് ഫിലോമിനാസ് പബ്ലിക് സ്കൂൾ & ജൂണിയർ കോളജ് ഇലഞ്ഞി ) ആണ് ലീഡർ. ഡെപ്യൂട്ടി ലീഡറായി തൊടുപുഴ മേഖലയിലെ ഗാലക്സ് ജോസഫ് ജിബിനെയും (സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് തൊടുപുഴ) ജനറൽ സെക്രട്ടറിമാരായി കലയന്താനി മേഖലയിലെ ജോസഫ് ബിബിനെയും (സെന്റ് ജോർജ് എച്ച്.എസ്.എസ് കലയന്താനി ) കരിങ്കുന്നം മേഖലയിലെ അൽഫോൻസ് ബി. കോലത്തിനെയും (നിർമല പിഴക് ) പ്രൊജക്റ്റ് സെക്രട്ടറിയായി തൊടുപുഴ മേഖലയിലെ ബാസില റഷീദിനെയും (സെന്റ് ജോർജ് ജി.എച്ച്.എസ് മുതലക്കോടം ) ട്രഷറർ ആയി കലയന്താനി മേഖലയിലെ ജ്യോൽസന ജോസിനെയും (സി.കെ. വി.എച്ച്.എസ്.എസ് വെളളിയാമറ്റം) തെരഞ്ഞെടുത്തു.
സംസ്ഥാന പ്രോഗ്രാം കോ - ഓർഡിനേറ്റർ എബി ജോർജ് , സംസ്ഥാന കായിക വേദി ഡയറക്ടർ ജെയ്സൺ തുറയ്ക്കൽ , അബി ജെയിംസ് , മുവാറ്റുപുഴ മേഖലാ ഓർഗനൈസർ ജോമോൻ ജോസ് തുടങ്ങിയവർ നേത്യത്വം നൽകി.
ബിജി എ. തോമസ് ആലപ്പുഴ പ്രവിശ്യാ കോ-ഓർഡിനേറ്റർ

കോട്ടയം: ദീപിക ബാലസഖ്യം ആലപ്പുഴ പ്രവിശ്യാ കോ-ഓർഡിനേറ്ററായി ബിജി എ. തോമസ് നിയമിതയായി. വിവിധ സ്കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുള്ള ബിജി നിരവധി വർഷങ്ങളായി ദീപിക ബാലസഖ്യത്തിന്റെ പ്രവർത്തകയും മികച്ച സംഘാടകയുമാണ്.