ഭൂപതിവ് ചട്ട ഭേദഗതി റദ്ദാക്കണം: കര്‍ഷക മഹാപഞ്ചായത്ത്
Thursday, September 18, 2025 1:18 AM IST
കോട്ടയം: ഭൂനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ച സര്‍ക്കാറിന് ഉണ്ടായി എന്നാണ് അതിന്റെ ചട്ട രൂപീകരണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് 111 സ്വതന്ത്ര കര്‍ഷക സാമൂഹിക സംഘടനകളുടെ അപ്പക്സ് ബോഡിയായ കർഷക മഹാപഞ്ചായത്ത്.
അതുകൊണ്ട് 2023ല്‍ കൊണ്ടുവന്ന ഭൂഭേദഗതി നിയമം റദ്ദാക്കണമെന്നും 1960ലെ നിയമത്തിലെ സെക്ഷന്‍ 7(1) നല്കുന്ന അധികാരമുപയോഗിച്ച് കൃഷിക്കും വീടിനും എന്ന വിവിധ ചട്ടങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടത് ഇതര ഉപയോഗങ്ങള്ക്കുമെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും കർഷക മഹാപഞ്ചായത്ത് നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
60 വര്‍ഷക്കാലമായി ആവശ്യപ്പെടുന്നു എന്നുള്ള പെരുനുണയും കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്നു എന്നുള്ളതും ബോധപൂര്‍വം ഈ ജനതയെ വഞ്ചിക്കുന്നതിനു വേണ്ടി നടത്തുന്ന ഹീന നീക്കമാണ്. പുതിയ വ്യവസ്ഥയില്‍ വീട് നിർമാണം പോലും നിരോധിക്കപ്പെട്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്.
ഭൂമി ഈടിന്മേല് ബാങ്കിലോണുകള് വരെ തടസപ്പെടും. ഇതടക്കം ഒട്ടനവധി ദുരന്തങ്ങളാണ് ഈ നിയമം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് ഈ നിയമ ഭേദഗതിയില്‍നിന്ന് അടിയന്തരമായി പിന്മാറി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനതലത്തില്‍ സമരം പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാണ് തീരുമാനം.