പോലീസുകാരെ പിരിച്ചുവിടൽ: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചെന്നിത്തല
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പില്‍നിന്ന് 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് നുണയാണെന്നു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിക്കെതിരേ സ്പീക്കര്‍ക്ക് അവകാശലംഘനത്തിനു നോട്ടീസ് നല്‍കും.
2016ല്‍ അധികാരമേറ്റശേഷം ഇതുവരെ 50 ല്‍ താഴെ പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് പിരിച്ചുവിട്ടത് എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. പിരിച്ചുവിട്ടു എന്നു പറഞ്ഞ 144 പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നിയമസഭയില്വയ്ക്കാന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇല്ലാത്ത പക്ഷം മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2011-2016 കാലഘട്ടത്തില്‍ സേനയ്ക്കു മാനക്കേട് ഉണ്ടാക്കിയ 61 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു.
പിണറായി സർക്കാർ ക്രിമിനല്‍ കേസില്‍പ്പെട്ട ഉദ്യോഗസ്ഥരെ പിരിച്ചുവിടാതെ സംരക്ഷിച്ചു. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി കേസുകളില്‍ ആരോപണവിധേയനായി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന് ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവി വഹിക്കുന്നുണ്ട്.
കോണ്‍ഗ്രസ് കാലത്താണ് ഏറ്റവും കൂടുതല്‍ വെടിവയ്പുണ്ടായത് എന്ന നുണ മുഖ്യമന്ത്രി പറഞ്ഞു പരത്തുന്നു. ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് അങ്കമാലിയില്‍ ജനങ്ങളെ വെടിവച്ചു കൊന്നത്.
വലിയതുറയിലും ചെറിയതുറയിലും വെടിവച്ച് ആള്‍ക്കാരെ കൊന്നതും ഇഎംഎസ് മന്ത്രിസഭയാണ്. കുപ്രസിദ്ധമായ ചന്ദനത്തോപ്പ് വെടിവയ്പും രക്തസാക്ഷികളെയും ജനം മറന്നിട്ടില്ല. കെഎസ്യു നേതാവായിരുന്ന മുരളിയെ അടിച്ചു കൊന്നതും ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ്.
രണ്ടാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്യു പ്രവര്‍ത്തകരായ സുധാകര അക്കിത്തായും ശാന്താറാം ഷേണായിയും പോലീസിന്റെ വെടിയേറ്റ് മരിച്ചു. മേല്പ്പടത്ത് വെടിവയ്പുണ്ടായതും ഇതേ കാലത്തു തന്നെ. ഉറുദു ഭാഷയ്ക്കു വേണ്ടി സമരം ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് വെടിവച്ചു കൊന്നത് നായനാരുടെ കാലത്താണ്.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ഭരണകാലത്താണ് പോലീസ് നാല് മാവോയിസ്റ്റുകളെ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത്. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കേരള പോലീസ് കോയമ്പത്തൂരില്‍ നിന്നും തമിഴ്നാട്, ആന്ധ്ര പോലീസിന്റെ സഹായത്തോടെ പിടികൂടിയ മാവോയിസ്റ്റുകള്‍ ഇന്നും തൃശൂരിലെ അതീവസുരക്ഷാ ജയിലില്‍ ഉണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.