മാര്‍ ജേക്കബ് തൂങ്കുഴിക്ക് പാലാ രൂപതയുടെ ഹൃദയാഞ്ജലി
Friday, September 19, 2025 1:45 AM IST
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് എമെരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ പാലാ രൂപത അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വിളക്കുമാടം ഇടവകയിലെ പുരാതന ക്രൈസ്തവ തറവാടാണ് തൂങ്കുഴി. ആത്മീയവും സാമൂഹ്യവുമായ ഇടപെടലും സ്വാധീനവും വഴി അദ്ദേഹം ഉന്നത സഭാ നേതാക്കളില്‍ ഒരാളായിത്തീര്‍ന്നു.
തൃശൂര്‍ അതിരൂപതയുടെ ചരിത്രത്തില്‍ നിര്‍ണായകമായ വ്യക്തിത്വമായിരുന്നു മുന്‍ ബിഷപ്പായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി പിതാവ്. സഭയുടെ ആത്മീയ വളര്‍ച്ചയ്ക്കും, വിദ്യാഭ്യാസ, ആതുര, സാമൂഹിക മേഖലകളിലെ പുരോഗതിക്കും, വിശ്വാസികളുടെ ഐക്യത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നും അനുസ്മരണീയമാണ്.അദ്ദേഹം സേവനമനുഷ്ഠിച്ച എല്ലാ ഇടങ്ങളിലും സൗമ്യനും ദയാലുവുമായ സാന്നിധ്യമായിരുന്നു. പ്രാര്‍ഥനാ നിരതമായ ഒരു ഉപാസകനെ പ്പോലെ. ആത്മീയ നേതാവും സഭാ സംവിധാനങ്ങളുടെ സ്ഥാപകനുമായിട്ടാണ് അദ്ദേഹത്തെ സഭ ഓര്‍ക്കുന്നത്.
വിദ്യാഭ്യാസത്തോട് അദ്ദേഹം പുലര്‍ത്തിയ പ്രതിബദ്ധത ഏറെ പ്രശസ്തമായിരുന്നു. പല വിദ്യാഭ്യാസ സാമൂഹിക സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വവും ദീര്‍ഘവീക്ഷണവും മാര്‍ഗദര്‍ശനമായി. മേരി മാതാ മേജര്‍ സെമിനാരി, ജൂബിലി മിഷന് മെഡിക്കല്‍ കോളജ്, ജ്യോതി എന്‍ജിനിയറിംഗ് കോളജ്, ക്രിസ്തുദാസി സൊസൈറ്റി എന്നിവയുടെ സ്ഥാപകനാണ് മാര്‍ ജേക്കബ് തൂങ്കുഴി.
തൃശൂര്‍, താമരശേരി, മാനന്തവാടി രൂപതകളില്‍ നേതൃത്വം നല്കിയ അദ്ദേഹത്തിന്റെ ആത്മീയവും സാമൂഹികവുമായ സ്വാധീനം മായാത്തതാണ്. തൃശൂര്‍ നഗരവും വിശ്വാസികളും അദ്ദേഹത്തെ തങ്ങളിലൊരാളായി സ്നേഹിക്കാന്‍ പഠിച്ചു. വളരെ നല്ല ഒരു ധ്യാനപ്രസംഗകന്‍ കൂടിയായിരുന്നു അദ്ദേഹം. ചെറിയ ശബ്ദത്തിലൂടെയുള്ള വാക്കുകളില്‍ അഴകാഴങ്ങളുടെ ആകര്‍ഷകത്വം നിലനിര്‍ത്തി.
കത്തുകള്‍ എഴുതുകയും എല്ലാ കത്തുകള്‍ക്കും മറുപടി അയയ്ക്കുകയും ചെയ്തുകൊണ്ട് കത്തുകളുടെ കല വളര്‍ത്തിയ അപൂര്‍വ വ്യക്തിത്വമാണ് തൂങ്കുഴി പിതാവെന്നും മാർ കല്ലറങ്ങാട്ട് അനുസ്മരിച്ചു.