വിലക്കയറ്റം രൂക്ഷമെന്നു പ്രതിപക്ഷം; പിടിച്ചുകെട്ടിയെന്നു സർക്കാർ
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന അവസ്ഥയെന്നു പ്രതിപക്ഷം. ഓണക്കാലത്ത് പൊതുവിപണിയിൽ ഫലപ്രദമായ ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ.
സംസ്ഥാനത്തു രൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ വലയുകയാണെന്നു ചൂണ്ടിക്കാട്ടി പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തപ്രമേയ ചർച്ചയിലാണ് വിലക്കയറ്റത്തിന്റെ പേരിൽ വ്യത്യസ്ത അവകാശവാദങ്ങൾ ഉയർന്നുവന്നത്. തുടർച്ചയായ ഒന്പതു മാസമായി രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റം അനുഭവപ്പെടുന്നത് കേരളത്തിലാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ ഉദ്ധരിച്ച് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഓഗസ്റ്റിൽ നാണ്യപ്പെരുപ്പം ഒന്പതു ശതമാനമാണ്. രണ്ടാമതുള്ള സംസ്ഥാനത്ത് മൂന്നു ശതമാനത്തിലധികം മാത്രമാണ്. വിലക്കയറ്റം നെഗറ്റീവ് ആയിട്ടുള്ള സംസ്ഥാനങ്ങളുമുണ്ട്. സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന സബ്സിഡി ഐറ്റങ്ങൾക്ക് 2016 ലേതിനേക്കാൾ ഗണ്യമായി വിലവർധിച്ചു എന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
പച്ചക്കറിക്ക് ചാല മാർക്കറ്റിലേതിനേക്കാൾ വില കൂടുതലാണ് ഹോർട്ടികോർപ്പിലെന്ന് എം. വിൻസെന്റ് ചൂണ്ടിക്കാട്ടി. ഫലപ്രദമായ വിപണി ഇടപെടൽ നടത്താത്തതു കൊണ്ടാണു വിലക്കയറ്റം ഉയർന്നു നിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സാധാരണക്കാരുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കൊന്നും വില കൂടിയിട്ടില്ലെന്ന് മന്ത്രി ജി.ആർ. അനിൽ അവകാശപ്പെട്ടു. 87 ശതമാനം മലയാളി കുടുംബങ്ങളും ഓണക്കാലത്ത് റേഷൻ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങി. സബ്സിഡി ഇനങ്ങൾ ഇരട്ടി അളവിൽ നൽകി.
1193 ടണ് പഴവും പച്ചക്കറികളും കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ 10 ശതമാനം അധികം നൽകി വാങ്ങി. ഇതു 30 ശതമാനം വിലക്കുറവിൽ വിറ്റഴിച്ചു. ഈ സാന്പത്തികവർഷം ആവശ്യപ്പെട്ട 250 കോടി രൂപയും സപ്ലൈക്കോയ്ക്കു നൽകിയതായും മന്ത്രി അവകാശപ്പെട്ടു.