ചാച്ചനെ നഷ്ടപ്പെട്ട വേദനയിൽ ക്രിസ്തുദാസി കുടുംബം
Friday, September 19, 2025 1:45 AM IST
സെബി മാളിയേക്കൽ
തൃശൂർ: സ്വന്തം ചാച്ചൻ നഷ്ടപ്പെട്ട വേദനയിലാണ് ഇന്നു ക്രിസ്തുദാസി സന്യാസിനി കുടുംബം. എസ്കെഡി എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകൻ എന്നതിനേക്കാൾ തങ്ങളുടെ വീട്ടിലെ സ്വന്തം അപ്പച്ചനെപ്പോലെ (ചാച്ചൻ)യായിരുന്നു മുന്നൂറിലധികം വരുന്ന കന്യാസ്ത്രീകൾക്കു മാർ ജേക്കബ് തൂങ്കുഴി എന്ന സ്നേഹവാത്സല്യങ്ങളുടെ പിതാവ്.
ബിഷപ് ആയിരുന്നപ്പോഴും വിരമിച്ചശേഷവും ഏതൊരു പ്രദേശത്തുകൂടി കടന്നുപോകുന്പോഴും ആ പ്രദേശത്തു തന്റെ സന്യാസിനീസമൂഹത്തിന്റെ ഒരു ഭവനമുണ്ടെങ്കിൽ തീർച്ചയായും കയറും, കുറച്ചുസമയം ചെലവഴിക്കും. ചാച്ചൻ വീട്ടിൽ വരുന്പോൾ മക്കളെ അന്വേഷിക്കുന്നപോലെ, ഓരോരുത്തരുടെയും പേരുചൊല്ലി അടുത്തുവിളിച്ച് കുശലാന്വേഷണം നടത്തും.
“ആരുടെയെങ്കിലും മുഖമൊന്നു വാടിയിട്ടുണ്ടെങ്കിൽ അത് അപ്പോൾതന്നെ മനസിലാവും; ചോദിക്കും. സാരല്യാട്ടോന്നു പറഞ്ഞ് ആശ്വസിപ്പിക്കും. പ്രാർഥിച്ച് ആശീർവാദം നൽകും. എല്ലാരുടെയും ജന്മദിനത്തിനു പിതാവ് വിളിക്കും, ആശംസകളും പ്രാർഥനകളും നേരും. എത്രമാത്രം വലിയ പ്രശ്നങ്ങളുമായി നമ്മൾ അടുത്തു ചെന്നാലും ‘അതൊന്നും സാരല്യ, കർത്താവ് കൂടെയുണ്ട്ട്ടാ, മോള് പ്രാർഥിക്ക്’ എന്നു പറയും. തെറ്റുപറ്റിയാലും ശകാരിക്കാതെ ഏറ്റവും സൗമ്യമായി തിരുത്തും. പ്രായംകൊണ്ടോ, പദവികൊണ്ടോ എത്ര വലിയ സിസ്റ്ററായാലും ചെറിയ സിസ്റ്ററായാലും ഒരുപോലെ സ്നേഹിക്കും. വ്യക്തിപരമായി ആ സ്നേഹം നമുക്കനുഭവപ്പെടും. എത്രവലിയ തിരമാലയടിച്ചാലും മുഖത്തുനിന്നു പുഞ്ചിരി മായരുതെന്നുപറയും.
ക്രിസ്തുദാസികളുടെ മുഖമുദ്ര സന്തോഷവും മുഖത്തു വിരിയുന്ന പുഞ്ചിരിയുമാണെന്നാണു പിതാവിന്റെ പക്ഷം. ഇനിയീ സ്നേഹവായ്പുകൾ, വാത്സല്യത്തലോടലുകൾ ഇല്ലല്ലോ എന്നോർക്കുന്പോഴാണു ഞങ്ങൾക്കെല്ലാം ദുഃഖം. പക്ഷേ, സ്വർഗത്തിൽ ഞങ്ങൾക്കൊരു മധ്യസ്ഥനെ ലഭിച്ചുവെന്നതാണ് ഞങ്ങളുടെ ഉറച്ച ബോധ്യം’’- മദർ ജനറാൾ സിസ്റ്റർ ടീന കുന്നേൽ പറഞ്ഞു.
മാനന്തവാടി ബിഷപ്സ് ഹൗസിനു സമീപമായിരുന്നു ഇവരുടെ നൊവിഷ്യേറ്റ് ഹൗസ്. അതുകൊണ്ടുതന്നെ സമയം കിട്ടുന്പോഴെല്ലാം പിതാവു വന്ന് ക്ലാസെടുക്കുകയും മെഡിറ്റേഷനു നേതൃത്വം നൽകുകയും ചെയ്യും. ഇടയ്ക്കു പാട്ടും പഠിപ്പിക്കും. അത്രയ്ക്ക് ഇഷ്ടമായിരുന്നു- സിസ്റ്റർമാർ ഒന്നടങ്കം പറഞ്ഞു.
മാനന്തവാടി രൂപതാധ്യക്ഷൻ ആയിരിക്കുന്പോഴാണ് വയനാട്, മാനന്തവാടി പ്രദേശങ്ങളിലെ കുടിയേറ്റകുടുംബങ്ങളുടെ ആത്മീയ- മാനസിക വളർച്ച ലക്ഷ്യംവച്ചുകൊണ്ട് ഒരു പുതിയ സന്യാസിനീസമൂഹത്തിനു രൂപം നൽകുന്നത്. എസ്എച്ച് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റർ പോൾ മരിയയുടെ നേതൃത്വത്തിലായിരുന്നു പ്രാരംഭനടപടികളെല്ലാം. 10 വർഷം സിസ്റ്റർ ഇവരോടൊപ്പം നിന്നു.
എസ്ഡി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റർ ജൂലിയാന ആയിരുന്നു ആദ്യ നാലുവർഷക്കാലം നോവിസ് മിസ്ട്രസ്. ആദ്യബാച്ചിൽ 18 പേർ പരിശീലനം ആരംഭിച്ചെങ്കിലും 15 പേരാണു പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. ഇതിൽ സിസ്റ്റർ റീത്താമ്മ, സിസ്റ്റർ സൂസമ്മ എന്നിവരൊഴികെ 13 പേർ ജീവിച്ചിരിപ്പുണ്ട്. സിസ്റ്റർ മരീന എസ്കെഡി ആയിരുന്നു പ്രഥമ ജനറാൾ. രണ്ടാമത്തെ ജനറാളമ്മയും പിന്നീട് രണ്ടുതവണകൂടി ജനറാളമ്മയുമായിരുന്ന സിസ്റ്റർ ആലീസ് കഴിഞ്ഞവർഷം മരിച്ചു.
1977 മേയ് 19ന് യൗസേപ്പിതാവിന്റെ തിരുനാൾദിനത്തിൽ ആരംഭിച്ച എസ്കെഡി സന്യാസിനീസമൂഹത്തിൽ ഇപ്പോള്‍ 317 അംഗങ്ങളുണ്ട്. ക്രിസ്തുവിനോടുള്ള ദാസ്യം കാരിസമായും ‘ഇതാ കർത്താവിന്റെ ദാസി’ എന്ന പരിശുദ്ധ മറിയത്തിന്റെ പ്രതിവചനം ആപ്തവാക്യമായും സ്വീകരിച്ച ക്രിസ്തുദാസികൾക്ക് ജർമനി, ഇറ്റലി, റോം, അമേരിക്ക, ആഫ്രിക്കയിലെ തൻസാനിയ, മഡഗാസ്കർ എന്നിവിടങ്ങളിലെ എട്ടു ഭവനങ്ങളുൾപ്പടെ 75 ഭവനങ്ങളുണ്ട്. കേരളത്തിനുപുറത്ത് തമിഴ്നാട്, കർണാടക, അരുണാചൽ, ത്രിപുര, മണിപ്പൂർ, ആസാം, മേഘാലയ എന്നിവിടങ്ങളിലും സന്യാസഭവനങ്ങളുണ്ട്; കേരളത്തിൽ 55 ഭവനങ്ങളും.