ഒരു അടിയന്തരപ്രമേയം പോയ വഴി
Thursday, September 18, 2025 1:18 AM IST
സാബു ജോണ്
തിരുവനന്തപുരം: ആരോഗ്യവകുപ്പിനേക്കുറിച്ച് വിമർശനം അഴിച്ചു വിടുന്ന പ്രതിപക്ഷം ആരുടെയോ ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്നായിരുന്നു ഭരണപക്ഷത്തുള്ള പലരുടെയും പക്ഷം. അമീബിക് മസ്തിഷ്കജ്വരമായിരുന്നു ചർച്ചയ്ക്കു വന്നത്. അപ്പോൾ പിന്നെ അമീബയുടെ ക്വട്ടേഷനാണോ എടുത്തതെന്നായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തുടർച്ചയായ രണ്ടാം ദിവസവും അടിയന്തരപ്രമേയത്തിന് അനുമതി നൽകാൻ തീരുമാനിച്ചപ്പോൾ ആഹ്ലാദിച്ചത് ഭരണപക്ഷമാണ്. ചർച്ചയാകാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചപ്പോൾ ഭരണപക്ഷാംഗങ്ങൾ ഡസ്കിലടിച്ച് സന്തോഷം പ്രകടിപ്പിച്ചു. തങ്ങൾ അവതരിപ്പിച്ച പ്രമേയത്തിൽ ചർച്ചയാകാമെന്നു സർക്കാർ സമ്മതിച്ചെങ്കിൽ അതു തങ്ങളുടെ വിജയമല്ലേ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. പിന്നാലെ പ്രസംഗിച്ച പ്രതിപക്ഷത്തു നിന്നുള്ള മറ്റംഗങ്ങളും ഇതേ ചോദ്യം ഉയർത്തി.
ഭരണപക്ഷം പക്ഷേ അങ്ങനെയല്ല ചിന്തിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉന്നതമായ ജനാധിപത്യമൂല്യവും അമീബിക് മസ്തിഷ്കജ്വരത്തേക്കുറിച്ച് ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ അറിയിക്കുവാനുമാണു ചർച്ചയ്ക്കു സമ്മതിച്ചതെന്നാണ് ഡി.കെ. മുരളി പറഞ്ഞത്. ഒരുകാര്യം ഭരണപക്ഷക്കാർക്ക് ഉറപ്പാണ്. കേരളത്തിലെ ആരോഗ്യമേഖല ഒന്നിനും കൊള്ളില്ലെന്നു പറഞ്ഞു പരത്തുന്നതിനു പിന്നിൽ പ്രതിപക്ഷത്തിനു കൃത്യമായ ഉദ്ദേശ്യമുണ്ട്.
അത് സ്വകാര്യമേഖലയെ സഹായിക്കാനാണ്. എറണാകുളത്തെ ആശുപത്രി ലോബിയേക്കുറിച്ചും ചിലർ പറഞ്ഞു. പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ വ്യക്തമായ ബോധ്യമുണ്ട്. സർക്കാർ ആശുപ്രത്രികളെ ഒന്നിനും കൊള്ളില്ലാത്തതാക്കി സ്വകാര്യ മേഖലയെ സഹായിക്കുകയാണത്രെ സർക്കാരും ഭരണപക്ഷവും ചെയ്യുന്നത്. രണ്ടു മണിക്കൂർ ചർച്ചയ്ക്കൊടുവിലും ഈ തർക്കത്തിനു തീർപ്പുണ്ടായില്ല.
കേരളം നന്പർ വണ് എന്നു വെറുതേ തള്ളുന്നതിൽ കാര്യമില്ലെന്നാണ് പ്രമേയ അവതാരകനായ എൻ. ഷംസുദ്ദീനു പറയാനുള്ളത്. സഭ നിർത്തിവച്ചുള്ള ചർച്ചയിലും മോൻസ് ജോസഫിനു വലിയ വിശ്വാസമില്ല. കഴിഞ്ഞ ദിവസം പോലീസ് അതിക്രമങ്ങളേക്കുറിച്ചു വിശാലമായി ചർച്ച ചെയ്തിട്ടും മറുപടി പറഞ്ഞപ്പോൾ മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടെടുത്തതോടെയാണ് ഈ ചർച്ചയിൽ മോൻസിനു വിശ്വാസം നഷ്ടപ്പെട്ടത്. ആരോഗ്യമന്ത്രി മികച്ച അവതാരകയാണെന്നു നജീബ് കാന്തപുരം സമ്മതിക്കും. പക്ഷേ ആരോഗ്യമന്ത്രി എന്ന നിലയിൽ വൻ പരാജയമാണത്രെ.
വകുപ്പിനേക്കുറിച്ചു പറഞ്ഞ എല്ലാ കുറ്റങ്ങൾക്കും കുറവുകൾക്കുമുള്ള മറുപടിയും രേഖകളുമെല്ലാമായാണ് മന്ത്രി വീണാ ജോർജ് മറുപടിക്ക് എത്തിയത്. രൂക്ഷമായി വിമർശിച്ചവരെ മന്ത്രി തിരിച്ചും വിമർശിച്ചു. പ്രമേയാവതാരകനായ എൻ. ഷംസുദ്ദീന്റെ മണ്ഡലത്തിൽ ഈ വിഷയത്തിൽ പ്രത്യേക യോഗം നടത്തിയതു ചൂണ്ടിക്കാട്ടിയ മന്ത്രി, ഷംസുദ്ദീൻ മണ്ഡലത്തിലെങ്ങുമില്ലേ എന്നു ചോദിച്ചപ്പോൾ ഷംസുദ്ദീനു കൊണ്ടു. വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല.
സ്പീക്കറും ഇടപെട്ടില്ല. ഷംസുദ്ദീൻ പ്രതിഷേധിച്ചു കൊണ്ടു മെല്ലെ മുൻനിരയിലേക്കു നീങ്ങി. പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റു. ഇതിനിടെ പെട്ടെന്ന് സ്പീക്കറുടെ ശബ്ദം ഉയർന്നു. ഷംസുദ്ദീൻ നടത്തിയ പരാമർശം ശരിയായില്ലെന്നു സ്പീക്കർ പറഞ്ഞു. ഷംസുദ്ദീനു വിശദീകരണം നൽകാൻ അവകാശമുണ്ടെന്നു പ്രതിപക്ഷ നേതാവ് വാദിച്ചെങ്കിലും ഷംസുദ്ദീന്റെ പരാമർശത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു സ്പീക്കർ. ഷംസുദ്ദീൻ പറഞ്ഞതെന്തെന്നു പലരും കേട്ടില്ല. അതെന്താണെന്ന് സ്പീക്കറും പറഞ്ഞില്ല. ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും വാദിച്ചു.
വിളിച്ചു പറയുന്നതൊന്നും രേഖയിലുണ്ടാകില്ലാത്തതിനാൽ ഇതിലുള്ള ദുരൂഹത അങ്ങനെ തന്നെ തുടരും. ഇതിനിടെ മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയെങ്കിലും സ്പീക്കർ പ്രോത്സാഹിപ്പിച്ചില്ല. എന്തു പറയുമെന്ന് നിശ്ചയമില്ലാത്തതു കൊണ്ടാ കാം. ഷംസുദ്ദീനോടു കാട്ടിയ അനീതി ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തിറങ്ങി. അവകാശവാദങ്ങളും നേട്ടങ്ങളും രേഖയിൽ കയറാനായി മന്ത്രി കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞ് അവസാനിപ്പിച്ചു.
ഇതിനിടയിലും രണ്ട് അംഗങ്ങൾ സഭയ്ക്കു പുറത്തു സത്യഗ്രഹമിരിക്കുന്നുണ്ടായിരുന്നു. അവരുടെ കാര്യം ഭരണപക്ഷമോ പ്രതിപക്ഷമോ ഓർത്തതായി കണ്ടില്ല. ഭരണപക്ഷത്തെ പി. ബാലചന്ദ്രൻ മാത്രം ഒരു പരിഹാസ പരാമർശം നടത്തി.
ഇന്നലത്തെ പ്രമേയം പാളിപ്പോയതിന്റെ രണ്ട് അടയാളങ്ങൾ പുറത്തുണ്ട്. സമരസംഘടന എന്നവകാശപ്പെടുന്ന പാർട്ടിയുടെ നേതാവിനു സമരം ചെയ്യുന്നവരോടുള്ള ഈ സമീപനം അപമാനകരമാണെന്നു പറഞ്ഞ് മുസ് ലിം ലീഗിലെ നജീബ് കാന്തപുരം ബാലചന്ദ്രനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി.