വ്യവസായിയുടെ പണം തട്ടിയ കേസ് ; കൂടുതല്‍ മലയാളികള്‍ക്ക് പങ്കുള്ളതായി പോലീസ് നിഗമനം
Friday, September 19, 2025 1:45 AM IST
കൊച്ചി: വ്യാജ ട്രേഡിംഗിലൂടെ കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമയില്‍നിന്ന് 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവതിയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്.
കേസുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിനി സുജിതയെയാണു കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങാനായി അടുത്തയാഴ്ച അപേക്ഷ നല്‍കും. ഇവരുടെ അക്കൗണ്ടില്‍ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഇവരില്‍നിന്നു തട്ടിപ്പുസംഘത്തിലെ മറ്റു പ്രധാനികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സുജിതയെ ചോദ്യംചെയ്യുന്നതിലൂടെ ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയ തുകയടക്കം തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നേക്കും.
തട്ടിപ്പില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പോലീസ് നിഗമനം. പണം തട്ടിയെടുക്കുന്നതിലടക്കം ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും മലയാളികളാണെന്നാണ് യുവതിയില്‍നിന്നു ലഭിക്കുന്ന വിവരം. ബാങ്ക് അക്കൗണ്ടുകള്‍ വിലയ്ക്കു വാങ്ങിയിട്ടുള്ള തട്ടിപ്പാണ് ഈ കേസിലും നടന്നിട്ടുള്ളത്.
അക്കൗണ്ടിന്റെ പൂര്‍ണനിയന്ത്രണം തട്ടിപ്പുസംഘത്തിനായിരിക്കും. അക്കൗണ്ട് ഉടമയ്ക്ക് ഇവര്‍ തട്ടിപ്പ് പണത്തില്‍നിന്നു കമ്മീഷനും നല്‍കും. ഇത്തരത്തില്‍ പ്രതി സുജിത കമ്മീഷന് കൈപ്പറ്റിയിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കൂടുതൽ പേർ തട്ടിപ്പിനിരയായതായി സംശയം
കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. അറസ്റ്റിലായ പ്രതിയുടെ അക്കൗണ്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണു നടന്നിട്ടുള്ളത്. കൂടുതല്‍ പേര്‍ക്കു പണം പോയതായി സംശയിക്കുന്നു. ഇരകളാക്കപ്പെടുന്ന പലരും പണം പോകുന്നത് അറിയുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.