വനംജീവനക്കാർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ ബില്ലിൽ തിരുകിക്കയറ്റി: എ.പി. അനിൽകുമാർ
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: ചന്ദനം വെട്ടാൻ അനുമതി നൽകുന്ന ആനുകൂല്യത്തിന്റെ മറവിൽ വനം ഉദ്യോഗസ്ഥർക്കു സാധാരണക്കാരുടെ മേൽ അമിതാധികാരം നൽകുന്ന വ്യവസ്ഥ തിരുകിക്കയറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് എ.പി. അനിൽകുമാർ ആരോപിച്ചു.
2025ലെ കേരള വന ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യഭൂമിയിൽ ചന്ദനം വച്ചുപിടിപ്പിച്ച് വനംവകുപ്പു മുഖേന മുറിച്ചു വിൽക്കാൻ അനുമതി നൽകുന്ന ഭേദഗതിയാണ് വനം നിയമത്തിൽ കൊണ്ടുവരുന്നത്.
എന്നാൽ ഇതേ ഭേദഗതിയിൽ വനം ഉദ്യോഗസ്ഥരുടെ നിർവചനത്തിൽ മുഖ്യവനംപാലകൻ മുതൽ താഴോട്ട് വാച്ചർ വരെയുള്ള വനവുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി. നിയമഭേദഗതിയേക്കുറിച്ചു വിശദീകരിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രൻ ചന്ദനത്തെക്കുറിച്ചുള്ള വ്യവസ്ഥ പറഞ്ഞപ്പോൾ ഈ ഭേദഗതിയെക്കുറിച്ചു മൗനം പാലിച്ചു.
നിലവിൽ ഉദ്യോഗസ്ഥരുടെ നിർവചനത്തിൽ വരുന്ന ഉയർന്ന ഉദ്യോഗസ്ഥരെ കൊണ്ടു തന്നെ മലയോര മേഖലയിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഇപ്പോൾതന്നെ സാധാരണക്കാർക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നത് വനം ജീവനക്കാരാണ്.
മുന്പ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ വ്യാപക പരാതി ഉയർന്നു. ഭരണപക്ഷത്തുള്ള കേരള കോണ്ഗ്രസ്- എം വരെ ആ നീക്കത്തെ എതിർത്തു. ഒടുവിൽ സർക്കാർ പിന്മാറി. അതേ വ്യവസ്ഥ ഇപ്പോൾ തിരുകിക്കയറ്റുകയാണ്.
ആക്രമണകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിനെ തങ്ങൾ അനുകൂലിക്കും. എന്നാൽ ഈ ബില്ല് സദുദ്ദേശ്യപരമല്ല. വന്യജീവി ആക്രമണം പുതിയ പ്രശ്നമല്ല. വർഷങ്ങളായി ജനങ്ങൾ നേരിടുന്ന പ്രശ്നമാണ്. അന്നൊന്നും നടപടി സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബില്ലുമായി വരുന്നത് ദുരദ്ദേശ്യപരമാണ്. അവശേഷിക്കുന്ന ആറു മാസത്തിനിടയിൽ നടപടികൾ പൂർത്തിയാക്കി ഗവർണറുടെയും രാഷ്ട്രപതിയുടെയും അനുമതി നേടുക എളുപ്പമാകില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.