സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികൾ മരിച്ചു
Thursday, September 18, 2025 1:18 AM IST
അടിമാലി: ആനച്ചാൽ ചിത്തിരപുരത്തിന് സമീപം സ്വകാര്യ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. നിർമാണ ജോലികൾക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു.
ആനച്ചാൽ ശങ്കുപ്പടി കുഴിക്കാട്ടുമറ്റം രാജീവൻ (40), ബൈസൺവാലി ഈന്തുംതോട്ടത്തിൽ ബെന്നി (45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം അപകടം ഉണ്ടായത്. മണ്ണ് വീണതിനെ തുടർന്ന് തൊഴിലാളികൾ ഏറെ നേരം മണ്ണിനടിയിൽ കുടുങ്ങിക്കിടന്നു.
അടിമാലി, മൂന്നാർ അഗ്നി രക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും ചേർന്ന് യന്ത്ര സഹായത്തോടെ ഏറെ സമയത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ തൊഴിലാളികളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തുടർനടപടികൾക്കായി മാറ്റി.