മാർ തൂങ്കുഴിയുടേത് സൗമ്യവും തീക്ഷ്ണവുമായ വ്യക്തിത്വം: കെസിബിസി
Friday, September 19, 2025 1:45 AM IST
കൊച്ചി: സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹികനന്മ ലക്ഷ്യമാക്കിയുള്ള കർമകുശലതയും മുഖമുദ്രയാക്കിയ മെത്രാപ്പോലീത്തയായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്ന് കെസിബിസി അനുസ്മരിച്ചു.
മൂന്നു രൂപതകളിൽ നിസ്വാർഥമായ ഇടയധര്‍മം നിർവഹിച്ചും ഭാരത കത്തോലിക്കാ മെത്രാന് സംഘത്തിന് ആറു വര്‍ഷം മികവുറ്റ നേതൃത്വം നല്‍കിയും ആഗോളസഭയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനീസമൂഹത്തെ രൂപപ്പെടുത്തി വളര്‍ത്തിയും മാർ തൂങ്കുഴി സമാനതകളില്ലാതെ പ്രവര്‍ത്തിച്ചു.
എല്ലാവരെയും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയ വാത്സല്യമുള്ള ഇടയന് എന്ന വിശേഷണം അദ്ദേഹത്തിന്റെ വിശിഷ്ട വ്യക്തിത്വത്തിനും ക്രിസ്തുസാക്ഷ്യത്തിനുമുള്ള ആദരവാണ്.
തൃശൂര്‍ അതിരൂപത, മാനന്തവാടി, താമരശേരി രൂപതകളുടെയും ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുകയും പ്രാർഥനയും അനുശോചനവും അറിയിക്കുകയും ചെയ്യുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.