തേക്ക് ഉച്ചകോടി: അന്താരാഷ്ട്ര പ്രതിനിധിസംഘം നിലമ്പൂരിലേക്ക്
Friday, September 19, 2025 1:45 AM IST
കൊച്ചി: കൊച്ചിയിൽ നടക്കുന്ന അഞ്ചാമത് ലോക തേക്ക് ഉച്ചകോടിയുടെ ഭാഗമായി കേരളത്തിലെത്തിയ അന്താരാഷ്ട്ര പ്രതിനിധിസംഘം നിലമ്പൂര്‍ സന്ദര്‍ശിക്കുന്നു. 40ഓളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് തേക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ എത്തിയിട്ടുള്ളത്.
മൂന്നു ദിവസമായി നടന്ന വിശദമായ സെഷനുകള്‍ക്കുശേഷം സംഘടിപ്പിക്കുന്ന ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായാണു പ്രതിനിധിസംഘം ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്ക് പ്ലാന്റേഷനായ കനോലിസ് പ്ലോട്ട് സന്ദര്‍ശിക്കുന്നതിനായി നിലമ്പൂരിലേക്ക് തിരിക്കുന്നത്. നാളെയാണ് സംഘം നിലമ്പൂരിലെത്തുക.
ലോകത്തെ 76 രാജ്യങ്ങള്‍ അംഗങ്ങളായ, ഉഷ്ണമേഖലാ വനങ്ങളുടെ സുസ്ഥിര മാനേജ്മെന്റും സംരക്ഷണവും ഉറപ്പാക്കി മരവ്യാപാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ടിംബര്‍ ഓര്ഗനൈസേഷന് (ഐടിടിഒ), തേക്കുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര നെറ്റ്വര്ക്കായ ടീക് നെറ്റ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും സംഘത്തിലുണ്ട്.
കനോലീസ് പ്ലോട്ടിനു പുറമെ നിലമ്പൂര്‍ തേക്ക് മ്യൂസിയവും ബയോ റിസോഴ്സ് നേച്വര്‍ പാര്‍ക്കും സംസ്ഥാന വനംവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കയം ടിംബര്‍ ഡിപ്പോയും സംഘം സന്ദര്‍ശിക്കും. തേക്ക് ഉത്പാദനം, തേക്ക് വ്യാപാരം, തേക്ക് കയറ്റുമതി-ഇറക്കുമതി, തേക്കുമായി ബന്ധപ്പെട്ട പഠന-ഗവേഷണ രംഗങ്ങളിലെ വിദഗ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളാണു സംഘത്തിലുള്ളത്.
ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള തേക്ക് ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നാണു നിലമ്പൂരെന്ന് തേക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര സംഘത്തിന്റെ സന്ദര്‍ശനം നിലമ്പൂര്‍ തേക്കിന് കൂടുതല്‍ വിപണനസാധ്യതകള്‍ കണ്ടെത്താനുള്ള സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഉച്ചകോടി ഇന്നു സമാപിക്കും.