ഇന്നു ലോക മുളദിനം ; മുളങ്കാടുകൾ മൂളുന്നതു വെറുതെയല്ല
Thursday, September 18, 2025 1:18 AM IST
ആന്റണി ആറിൽചിറ
2018ലെ പ്രളയകാലത്തു കേരളത്തിലെ നദികളിൽ തീരശോഷണം ഏറ്റവും കുറവ് ബാധിച്ചത് ഭാരതപ്പുഴയുടെ തീരങ്ങളെ ആയിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചുപോയവർ ചെന്നുനിന്നത് ഭാരതപ്പുഴയുടെ തീരങ്ങളിലെ മുളങ്കാടുകളിലാണ്. അവയാണ് തീരശോഷണത്തെ പ്രതിരോധിച്ചത്.
2009ൽ തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന ലോക മുള കോൺഗ്രസിലാണ് ലോക മുളദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്ത്യക്കു രണ്ടാം സ്ഥാനം
മുള കൃഷിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യങ്ങളിൽ ഒന്നാണ് മുള. കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ പുറത്ത് വിടുകയും ചെയ്യുന്നു. വിളവെടുത്താലും വീണ്ടും കുറ്റിയിൽനിന്നു വളരുന്നു എന്നതും സവിശേഷതയാണ്.
നദീതീരങ്ങളെ ബലപ്പെടുത്താൻ പണ്ട് മുളകളാണ് ഉപയോഗിച്ചിരുന്നത്. വേമ്പനാട് കായൽ കുത്തി നിലങ്ങളാക്കിയപ്പോഴും ചിറയുടെ സംരക്ഷണാർഥം പലതരം മുളകൾ വച്ചു പിടിപ്പിച്ചിരുന്നു. കല, സംഗീതം, ആചാരം, കരകൗശല വസ്തുക്കൾ, നിർമിതികൾ തുടങ്ങി സാംസ്കാരിക പൈതൃകങ്ങളുടെ കാര്യത്തിൽ മുളയ്ക്ക് വലിയ പങ്കുണ്ട്. ഇന്നും ക്ഷേത്രങ്ങളിലെ പല ആചാരനുഷ്ഠാനങ്ങളിലും മുളയ്ക്കും മുള ഉത്പന്നങ്ങൾക്കും ഇടമുണ്ട്.
ഏഷ്യൻ ആഫ്രിക്കൻ തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ സംസ്കാര തനിമയിൽ മുള നിർണായക സ്ഥാനം വഹിക്കുന്നു. ഇന്ത്യയിലെ പല ആദിവാസി സമൂഹങ്ങളിലും മുള ഒരു പ്രധാന ഘടകമാണ്. 2025ലെ ലോകമുളദിനത്തിന്റെ ഔദ്യോഗിക പ്രമേയം ‘അടുത്ത തലമുറ മുള, പരിഹാരം, നവീകരണം, രൂപകല്പന’ എന്നതാണ്.