വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ല് സബ്ജക്ട് കമ്മിറ്റിക്കു വിട്ടു
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: ജനവാസ മേഖലയിലറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം നൽകുന്ന 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലും സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങൾ വനംവകുപ്പ് മുഖേന മുറിച്ച് വിൽക്കാൻ ഭൂവുടമകൾക്ക് അനുവാദം നൽകുന്ന 2025ലെ കേരള വന (ഭേദഗതി) ബില്ലും ചർച്ചകൾക്ക് ശേഷം നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
അതേസമയം, കുറ്റകൃത്യങ്ങൾക്കെതിരേ നടപടി എടുക്കാനുള്ള അധികാരം ഫോറസ്റ്റ് വാച്ചർമാർക്കും നൽകുന്ന വനം ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥ പരിശോധിച്ച് മാറ്റം വരുത്തുമെന്ന് ബില്ലുകൾ അവതരിപ്പിച്ച മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
ബില്ലിന്മേൽ നടന്ന ചർച്ചയിൽ, ബില്ലിലെ "വനം ഉദ്യോഗസ്ഥൻ’ എന്ന വാക്കിന്റെ നിർവചനം അമിതാധികാര പ്രയോഗത്തിനു വഴിവയ്ക്കുമോ എന്ന ആശങ്കയുണ്ടെന്ന ഭരണ-പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താമെന്ന് മന്ത്രി വ്യക്തമാക്കിയത്.
വന്യമൃഗ ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കൽക്കുകയേ ജനങ്ങൾ ഒരുമിച്ച് കൂടുന്ന പൊതുഇടങ്ങളിൽ അക്രമകാരിയായ വന്യമൃഗത്തെ കാണുകയോ ചെയ്താൽ ജില്ലാ കളക്ടറുടെയോ ചീഫ് ഫോറസ്റ്റ് കണ്സർവേറ്ററുടെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാലതാമസം കൂടാതെ വന്യമൃഗത്തെ കൊല്ലുന്നതിനോ മയക്കുന്നതിനോ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനോ അനുവാദം നൽകുന്നതാണ് വന്യജീവി സംരക്ഷണ ഭേദഗതി ബിൽ.
ഇതിനു പുറമെ പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം ഏതെങ്കിലും പ്രദേശത്ത് മനുഷ്യജീവന് അപകടകരമായ നിലയിൽ വർധിച്ചാൽ അവയുടെ ജനന നിയന്ത്രണം നടത്തുന്നതിനോ അങ്ങനെയുള്ള മൃഗങ്ങളെ മറ്റു സ്ഥലങ്ങളിലേക്കോ മാറ്റാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.
ഭേദഗതി പ്രകാരം ഇങ്ങനെ ചെയ്യുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏതു വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചുവെന്ന് കണ്ടാൽ അവയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനാണ് അധികാരം. ഈ അധികാരം സംസ്ഥാന സർക്കാരിന് നൽകുന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വന്യമൃഗത്തെ ആർക്ക് വേണമെങ്കിലും, ഏതു വിധത്തിലും കൊല്ലാൻ അനുമതി നൽകുന്നതാണ് ഭേദഗതി. അതിന്റെ ഇറച്ചി കഴിക്കാനും തടസമില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന്റെ നിവേദനങ്ങൾ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നൽകയില്ല. അതിനാൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സംസ്ഥാന സർക്കാർ നിയമിക്കുകയും കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾക്ക് വിധേയമായി കൊന്ന് സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയുമാണ്. നാടൻ കുരങ്ങുകളെ പട്ടിക ഒന്നിൽ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള സംസ്ഥാനത്തിന്റെ അധികാരം ഉപയോഗപ്പെടുത്തിയാണ് ഭേദഗതികൾ കൊണ്ടുവരുന്നതെന്നും നിയമത്തിന് അംഗീകാരം നേടിയെടുക്കാൻ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെയുള്ള കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിൽ വനം മന്ത്രി പറഞ്ഞു.
കേന്ദ്രനിയമത്തിന് വിരുദ്ധമായി ഒരു നിയമമുണ്ടാക്കാൻ കേരളത്തിന് അധികാരമില്ല. അതിനാൽ കേന്ദ്രനിയമത്തിൽ നിന്നുകൊണ്ടാണ് ഭേദഗതി നിയമം കൊണ്ടുവരുന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. ഇക്കാര്യത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല.
ബിൽ നിയമസഭ പാസാക്കിക്കഴിഞ്ഞാൽ ഗവർണറുടെ അംഗീകാരം വാങ്ങാനും തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയെടുക്കാനും സഭ ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.