പാലിയേക്കര ടോള്‍ പിരിവ് വിലക്ക് വീണ്ടും നീട്ടി
Friday, September 19, 2025 1:45 AM IST
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി.
സര്‍വീസ് റോഡുകളുടെയടക്കം അറ്റകുറ്റപ്പണികളുടെ പുരോഗതി പരിശോധിച്ചു ടോള്‍പിരിവിനുള്ള താത്കാലിക വിലക്ക് നീക്കണോയെന്നതില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തൃശൂര്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി നടത്തിയ യോഗം ദേശീയപാതാ അഥോറിറ്റി നടത്തുന്ന മിക്കവാറും അറ്റകുറ്റപ്പണികളില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. നാറ്റ്പാക്കിലെ വിദഗ്ധരുടെ സഹായവും തേടിയിരുന്നുവെന്ന് തൃശൂര്‍ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
പേരാമ്പ്രയില്‍ എറണാകുളം ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലെ കുഴികളും മുരിങ്ങൂരിലെ കിഴക്കന്‍ പ്രവേശന മാര്‍ഗത്തിലെ ലെവലിംഗും ടാറിംഗും മുരിങ്ങൂര്‍ ജംഗ്ഷനിലെ ടാറിംഗുമാണ് എന്‍എച്ച്എഐ പരിഹരിച്ചത്.
ചിറങ്ങരയില്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്ന പഴയ ടെലിഫോണ്‍ ബോക്സ് നീക്കിയെങ്കിലും വൈദ്യുതപോസ്റ്റും കലുങ്ക് ഭിത്തിയും നിലനില്ക്കുകയാണെന്നായിരുന്നു കളക്ടറുടെ വിശദീകരണം.
പ്രധാന പാതയില്‍ അടിപ്പാതകളുടെ നിര്‍മാണം മന്ദഗതിയിലാണെന്ന് കളക്ടര്‍ അറിയിച്ചു. അടിപ്പാതകളുടെ പണി നടക്കുന്നിടത്ത് വെള്ളക്കെട്ട് പ്രശ്നമുണ്ടെന്നും ടാറിംഗ് നിലവാരമില്ലാത്തതാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ടാറിംഗ് ഉന്നത നിലവാരത്തിലാണെന്നും പഞ്ചായത്ത് റോഡുകള്‍ സംസ്ഥാനത്തിന്റെ ചുമതലയിലാണെന്നും ദേശീയപാതാ അഥോറിറ്റി വ്യക്തമാക്കി. ടോള്‍ പിരിക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നും കോടതി വാദം കേള്‍ക്കും.