കുളിർമ പകരുന്ന അന്തരീക്ഷമെന്ന് രാഷ്ട്രപതി
Thursday, October 23, 2025 1:09 AM IST
പത്തനംതിട്ട: കാനന നടുവിലെ ക്ഷേത്രവും അന്തരീക്ഷവും മനസിന് കുളിർമ പകരുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
ക്ഷേത്രത്തിനൊപ്പമുള്ള ഉപദേവതകൾ കൗതുകം പകരുന്നതായും രാഷ്ട്രപതി പറഞ്ഞു. യാത്രയ്ക്കിടെ മന്ത്രി വി.എൻ. വാസവനോടാണ് ശബരിമല ക്ഷേത്ര അന്തരീക്ഷത്തിലെ പുതുമ സന്തോഷകരമാണെന്ന് ദ്രൗപദി മുർമു വ്യക്തമാക്കിയത്.
ശബരിമല വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കാനായി ദേവസ്വം ബോർഡ് നിവേദനം തയാറാക്കിയിരുന്നെങ്കിലും സന്നിധാനത്തുനിന്ന് വേഗത്തിൽ മടങ്ങിയതിനാൽ സ്വീകരിച്ചില്ല.
നിവേദനം അടുത്തദിവസം സ്വീകരിക്കാമെന്നും ഇതിനായി സമയം നൽകാമെന്നും മന്ത്രിയെ അറിയിച്ചു. ശബരിമല വികസനത്തിനായി വനഭൂമി വിട്ടുകിട്ടുന്നതിലെ ബുദ്ധിമുട്ടുകൾ അടക്കം വിശദീകരിച്ചായിരുന്നു നിവേദനം.