പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം; രാഷ്ട്രപതി നാളെ പാലാ സെന്റ് തോമസ് കോളജിൽ
Wednesday, October 22, 2025 1:52 AM IST
കോട്ടയം: പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കും. വൈകുന്നേരം നാലിനു ബിഷപ് വയലില്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയാകും.
സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, മന്ത്രി വി.എന്‍. വാസവന്, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് എന്നിവര്‍ പ്രസംഗിക്കും.
പാലാ ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, മാണി സി. കാപ്പന് എംഎല്‍എ, മുഖ്യ വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
രാഷ്ട്രപതിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പാലായിൽ നടത്തിയിരിക്കുന്നതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സെന്റ് തോമസ് കോളജിന്റെ 75 വർഷങ്ങളുടെ മഹത്തായ ചരിത്രത്തിൽ സുപ്രധാന സംഭവമായി പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം മാറും.
ഇന്റർമീഡിയറ്റിൽ മുന്നൂറിലധികം വിദ്യാർഥികളും 14 അധ്യാപകരും ഏതാനും അനധ്യാപകരുമായി തുടങ്ങിയ സെന്റ് തോമസ് കോളജ് ഇന്ന് 15 യുജി, 16 പിജി പ്രോഗ്രാമുകളും 11 ഗവേഷണ വിഭാഗങ്ങളുമുള്ള രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന പ്രശസ്ത കലാലയമായി മാറിയിരിക്കുന്നു. നാക് A++ അംഗീകാരവും ഒട്ടോണമസ് പദവിയും കോളജിന്റെ വളർച്ചയുടെ വ്യക്തമായ സൂചകങ്ങളാണ്.
കോളജിന്റെ രജതജൂബിലി ആഘോഷം 1976 ഫെബ്രുവരി 12ന് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, മീഡിയ കോ -ഓര്‍ഡിനേറ്റര്‍ പ്രഫ. സിജു ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.