ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി ഭരണം നിലനിർത്താൻ സിപിഎം
Thursday, October 23, 2025 1:09 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്കു നൽകേണ്ട സീറ്റുകളിൽ യാതൊരു കുറവും വരുത്താതെ കൂട്ടായ്മയോടെ ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കണമെന്നു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ സർക്കുലർ. ഘടകകക്ഷികളെ തൃപ്തരാക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസമായി കേരള ഭരണം നിലനിർത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ ചൂണ്ടുപലകയാകണമെന്നും നിർദേശിക്കുന്നു.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതുമുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുംവരെ പാർട്ടി ഘടകങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ സർക്കുലറിൽ കൃത്യമായ നിർദ്ദേശങ്ങളാണ് കീഴ്ഘടകങ്ങൾക്കു നൽകിയിരിക്കുന്നത്. ലൈംഗികാരോപണത്തിനു വിധേയരായവർ, ചിട്ടി, ലോൺ, ബാങ്ക് കുടിശിക ഇവയുമായി ബന്ധപ്പെട്ടു സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ളവർ, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ളവർ എന്നിങ്ങനെയുള്ളവർ സ്ഥാനാർഥികൾ ആകാതിരിക്കാൻ ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുമ്പോൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിള, കെഎസ്കെടിയു, കർഷകർ, ഹരിത കർമസേന, കുടുംബശ്രീ എന്നീ സംഘടനകളിൽനിന്നും നിൽക്കാൻ പറ്റുന്നവരെ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കണം. റിട്ടയർ ചെയ്ത ആക്ഷേപമില്ലാത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരെയും റസിഡന്റ്സ് അസോസിയേഷനുകളിലെ ജനപ്രിയരായവരെയും മത്സരിപ്പിക്കാൻ ആലോചിക്കണം.
വാർഡ് കമ്മിറ്റികളിൽ അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനുശേഷം ഓരോ വാർഡിൽ നിന്നും രണ്ടുപേർ വീതമുള്ള പേരുകൾ ലോക്കൽ കമ്മിറ്റിയെ ഏൽപ്പിക്കണം. ലോക്കൽ കമ്മിറ്റി ചർച്ച ചെയ്ത് ഏരിയാ കമ്മിറ്റിക്കു നൽകണം. ഇവിടെനിന്നും ജില്ലാ കമ്മിറ്റിക്കു നൽകി ജില്ലാ കമ്മിറ്റി സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കണമെന്നു നിർദേശിക്കുന്നു.
സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളിലെ സെക്രട്ടറിമാർ മത്സരിക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക അനുവാദം വാങ്ങണം. വാർഡുകളിൽ സംവരണ തോത് നിശ്ചയിക്കുമ്പോൾ വനിതകൾ കൂടുതലായി വരാനിടയുള്ളതിനാൽ ജനറൽ വാർഡുകളിൽ പുരുഷന്മാരെ തന്നെ മത്സരിപ്പിക്കാൻ ശ്രദ്ധിക്കണം.
അധ്യക്ഷ സ്ഥാനം സംവരണമാകുന്ന സ്ഥലങ്ങളിലെ സംവരണ വാർഡുകളിൽ കാര്യപ്രാപ്തിയുള്ള യുവതീ യുവാക്കളെ മത്സരിപ്പിച്ച് അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവരാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു.