തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ; കേസെടുക്കുമെന്ന് റെയിൽവേ
Wednesday, October 22, 2025 1:39 AM IST
പരവൂർ: റെയിൽവേയുമായി ബന്ധപ്പെട്ടു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ. ഇത്തരം വിഷ്വലുകൾ ഷെയർ ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.
ഈ ഉത്സവ സീസണിൽ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പഴയതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതു യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇത്തരത്തിലുള്ള 25ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംവിധാനവും റെയിൽവേ ഏർപ്പെടുത്തിക്കഴിഞ്ഞു.
സെൻട്രൽ റെയിൽവേയിൽ തുടക്കമിട്ട ഈ സംവിധാനം എല്ലാ സോണുകളിലും ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.വ്യാജമായ വീഡിയോകളുടെ ഉറവിടങ്ങൾ കൂടുതലും മുംബൈ കേന്ദ്രീകരിച്ചാണെന്ന് റെയിൽവേ നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാലാണ് നിയമ നടപടികൾ സെൻട്രൽ റെയിൽവേയിൽനിന്നുതന്നെ തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്.