ശബരിമല സ്വർണക്കൊള്ള : ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ നീക്കം തുടങ്ങി
Thursday, October 23, 2025 1:10 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു ഗൂഡാലോചന നടത്തിയ ഉന്നതരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി.
ഇതിന്റെ ഭാഗമായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്തു തുടങ്ങിയ അന്വേഷണ സംഘം ഹൈക്കോടതി നിർദേശാനുസരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ബുക്കുകൾ പിടിച്ചെടുക്കുന്ന നടപടിയും ആരംഭിച്ചു.
ബംഗളൂരുവിൽ നടന്ന ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരുടെ വിവരങ്ങൾ കസ്റ്റഡിയിലുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽനിന്ന് ശേഖരിച്ചുതുടങ്ങി. ദേവസ്വത്തിലെ ഉന്നതർക്ക് അടക്കം ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സൂചന. ഗൂഢാലോചന അന്വേഷിക്കണമെന്നു ഹൈക്കോടതിയും അന്വേഷണ സംഘത്തോടു നിർദേശിച്ചിരുന്നു.
സ്വർണപ്പാളികൾ ചെന്പാണെന്ന് വ്യാജരേഖ ചമച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഉടൻ പിടികൂടി ചോദ്യം ചെയ്യും. ബോർഡ് അംഗങ്ങളുടെ പങ്ക് ഇയാളിൽനിന്ന് അറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഗൂഢാലോചനയ്ക്ക് പ്രത്യേക കേസെടുക്കും. ദേവസ്വം ബോർഡംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും മറ്റാർക്കോ വേണ്ടി പ്രവർത്തിച്ചെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇവർ ആരെന്നും കണ്ടെത്തേണ്ടതുണ്ട്.
സ്വർണപ്പാളി പോറ്റിക്കു നൽകാൻ തീരുമാനിച്ച ദേവസ്വം യോഗങ്ങളുടെ മിനിറ്റ്സ് ബുക്കും പിടിച്ചെടുത്തു. രേഖകൾ കൈമാറുന്നതിൽ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുന്പോഴാണ് രേഖകൾ നൽകുന്നതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. കവർച്ച മറയ്ക്കാൻ ഇപ്പോഴത്തെ ബോർഡും ശ്രമിച്ചെന്ന് കോടതി വ്യക്തമാക്കിയതോടെ സ്വർണം നഷ്ടമായതിന്റെ ഉത്തരവാദികളെ കണ്ടെത്തുകയാണ് ഇനിയുള്ള ദൗത്യം.
ദ്വാരപാലക ശിൽപങ്ങളിലും കട്ടിളപ്പാളികളിലും മാത്രമായി അന്വേഷണം ഒതുക്കരുതെന്നും പിന്നിലുള്ള വൻ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടതി നിർദേശിച്ചതോടെ ശബരിമല സ്വർണക്കവർച്ച അന്വേഷണത്തിന്റെ ഗതി മാറും.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം 30വരെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി. വീട്ടിലെ പരിശോധന തുടരുന്നുണ്ട്. രണ്ട് ലക്ഷം രൂപയും സ്വർണനാണയങ്ങളുമടക്കം പിടിച്ചെടുത്തെന്നാണ് സൂചന.
പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. പോറ്റിയെ വരും ദിവസങ്ങളിൽ തെളിവെടുപ്പിനായി ശബരിമലയിലെത്തിക്കും.
അതിനിടെ, ഹൈക്കോടതിയെ അറിയിക്കാതെ ശബരിമല ശ്രീകോവിലിലെ കട്ടിളയും ദ്വാരപാലക ശിൽപങ്ങളും സ്വർണം പൂശാൻ കൊടുത്തുവിട്ട സംഭവത്തിൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, ലോ ഓഫീസർ, തിരുവാഭരണം കമ്മീഷണർ എന്നിവരോടു വിശദീകരണം തേടാൻ ബോർഡ് യോഗം തീരുമാനിച്ചു.