പുനരുപയോഗ ഊർജനിയന്ത്രണ ചട്ടം; ബഹളങ്ങളില്ലാതെ പൊതു തെളിവെടുപ്പ്
Thursday, October 23, 2025 1:09 AM IST
തിരുവനന്തപുരം: പുനരുപയോഗ ഊർജനിയന്ത്രണ ചട്ടത്തിന്റെ കരടിന്മേൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്നലെ നടത്തിയ പൊതുതെളിവെടുപ്പ് ബഹളങ്ങളില്ലാതെ സമാപിച്ചു.
അതേസമയം, കരട് നിയന്ത്രണ ചട്ടത്തിലെ വ്യവസ്ഥകളിൽ പ്രതിഷേധിച്ച് ഡൊമസ്റ്റിക് ഓണ്‍ഗ്രിഡ് പ്രൊസ്യൂമേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കമ്മീഷന്റെ സിറ്റിംഗ് നടന്ന പ്രിയദർശിനി പ്ലാനറ്റോറിയത്തിന്റെ ഗേറ്റിനു പുറത്ത് ധർണ നടത്തി.
പൊതു തെളിവെടുപ്പിലെ സ്ഥിരം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ മാർഗനിർദേശ പ്രകാരം കർശന നിയന്ത്രണങ്ങളോടെയാണ് തെളിവെടുപ്പു സംഘടിപ്പിച്ചത്. കർശനമായ നിയന്ത്രണങ്ങളോടെയാണ് പൊതുതെളിവെടുപ്പ് നടന്ന ഹാളിലേക്ക് ഉപയോക്താക്കളെ പ്രവേശിപ്പിച്ചത്.
തെളിവെടുപ്പിൽ കെഎസ്ഇബിയെ വിമർശിച്ചും പരാതികൾ ഉന്നയിച്ചും കൂടുതലും സജീവമായത് സോളർ പ്രൊസ്യൂമർമാരാണ്. നേരത്തേ നടത്തിയ പൊതു തെളിവെടുപ്പുകളിൽ ശക്തമായ പ്രതിഷേധവും പോർവിളിയുമൊക്കെ മുഴക്കി രംഗത്തെത്തിയിരുന്ന ഇവരിൽ മിക്കവരും ഇന്നലെ നിർദേശങ്ങൾ പാലിച്ചു.
കഴിഞ്ഞ തവണ ഓണ്‍ലൈനായി നടത്തിയ തെളിവെടുപ്പിൽ പങ്കെടുക്കാത്തവർക്കായിരുന്നു തെളിവെടുപ്പിൽ തങ്ങളുടെ വാദം അവതരിപ്പിക്കാൻ മുൻഗണന. പുരപ്പുറ സോളാർ സ്ഥാപിച്ചവർക്കായി ചട്ടത്തിൽ നിർദേശിച്ചിരിക്കുന്ന ഗ്രിഡ് സപ്പോർട്ട് ചാർജ്, കെഎസ്ഇബി ഈടാക്കുന്ന ഫിക്സഡ് ചാർജ് തുടങ്ങിയവ സോളാർ വൈദ്യുതി ഉത്പാദകർക്കു തിരിച്ചടിയാകുമെന്നായിരുന്നു പ്രധാന വാദം.
കെഎസ്ഇബിയുടെ ധൂർത്തിന്റെ ഭാരം വൈദ്യുതി ബില്ലിലൂടെ ജനങ്ങൾ അനുഭവിക്കുകയാണെന്നും വിമർശനമുയർന്നു. സോളർ പ്ലാന്റുകൾ കാരണം ഗ്രിഡ് സ്ഥിരത നഷ്ടമാകുന്നുവെന്ന് പരാതിപ്പെടുന്ന കെഎസ്ഇബിക്ക് ഇത്ര കാലമായിട്ടും ഗ്രിഡ് സ്ഥിരത ഉറപ്പാക്കാൻ കഴിയാത്തതിനെക്കുറിച്ചും നെറ്റ് മീറ്ററിംഗ് രീതിയിൽ നിലവിലെ 1,000 കിലോവാട്ടിൽനിന്ന് മൂന്നു കിലോവാട്ട് ആയി കുറയ്ക്കാനുള്ള നിർദേശത്തിനെതിരേയും ശക്തമായ വിമർശനമാണ് ഉയർന്നത്.
പൂർണമായും കെഎസ്ഇബിയെ മാത്രം സഹായിക്കാനുള്ളതാണ് കരട് ചട്ടമെന്നും ആക്ഷേപമുണ്ടായി. അതേസമയം, ചട്ടം പഠിക്കാതെ കേട്ടുകേൾവി മാത്രം വച്ച് വിമർശനം ഉന്നയിക്കുന്ന രീതി ശരിയല്ലെന്നായിരുന്നു വിമർശനങ്ങൾക്ക് കമ്മീഷൻ ചെയർമാൻ ടി.കെ.ജോസിന്റെ മറുപടി. തെളിവെടുപ്പിൽ നേരിട്ടു പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത 92 പേരിൽ എഴുപതോളം പേർ ഇന്നലെ പങ്കെടുത്തു.