കുവൈറ്റ് വിഷമദ്യ ദുരന്തം; അച്ഛനെ കണ്ടെത്താന്‍ ഹർജിയുമായി മകൻ
Thursday, October 23, 2025 1:09 AM IST
കൊച്ചി: കുവൈറ്റ് വിഷമദ്യ ദുരന്തത്തിനിരയായ അച്ഛനെ കണ്ടെത്താന്‍ ബംഗളൂരു സ്വദേശിയായ മകന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
അച്ഛൻ സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന് സാന്റന്‍ ലാമ നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയശേഷമാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി മാറ്റിയത്.
ദുരന്തത്തിനുശേഷം ഓര്മ നഷ്ടപ്പെട്ട 59 കാരനായ സൂരജ് ലാമ കൊച്ചിയില്‍ വിമാനമിറങ്ങിയിരുന്നു. ഇദ്ദേഹത്തെ കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും കാണാതാകുകയായിരുന്നു.
ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സൂരജ് ലാമയെ എങ്ങനെയാണ് ഇന്ത്യയിലേക്കു മടക്കിവിട്ടതെന്ന് അറിയിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സൂരജ് ലാമയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസിനും കോടതി നിര്‍ദേശം നല്കി.
കുവൈറ്റില്‍ ബിസിനസ് നടത്തിയിരുന്ന കോല്‍ക്കത്ത സ്വദേശിയായ സൂരജ് ലാമയുടെ കുടുംബം ബംഗളൂരുവിലാണ് താമസിക്കുന്നത്. എന്നാല്‍, ചികിത്സയ്ക്കുശേഷം കൊച്ചിയിലേക്കാണു കുവൈറ്റ് അധികൃതര്‍ സൂരജിനെ കയറ്റിവിട്ടത്.
കൊച്ചിയിലേക്ക് കയറ്റിവിടുന്നതു സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. തുടര്‍ന്നാണു കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ത്തു വിശദീകരണം തേടിയത്.