ആശാ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ച് ഇന്ന്
Wednesday, October 22, 2025 1:39 AM IST
തിരുവനന്തപുരം: സർക്കാരിന്റെ തുടരെയുള്ള അവഗണനകളിലും അവഹേളനങ്ങളിലും തളരാതെ ആശമാർ, അവകാശങ്ങൾ നേടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ഇന്ന് മാർച്ച് നടത്തുമെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.
രാവിലെ പത്തിന് പിഎംജി ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ അടിസ്ഥാന ആവശ്യങ്ങൾ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയാറാകണം എന്നാവശ്യപ്പെട്ടാണ് ക്ലിഫ് ഹൗസ് മാർച്ച്.
ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് പ്രകാരമുള്ള ശിപാർശകൾ പോലും നടപ്പിലാക്കാൻ സർക്കാർ തയാറാകുന്നില്ല. പത്ത് വർഷം പൂർത്തിയായവർക്ക് 1,500 രൂപയും അല്ലാത്തവർക്ക് 1,000 രൂപയും വർധനവ് ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും വർധന വരുത്തിയാൽ അതുമൂലം സർക്കാരിനുണ്ടാകാൻ പോകുന്ന സാന്പത്തിക ഭാരത്തിനാണ് റിപ്പോർട്ട് ഊന്നൽ നൽകുന്നത്. എട്ട് മാസമായി മഴയിലും വെയിലത്തും ധീരമായി സമരം ചെയ്യുന്ന ആശമാരെ സർക്കാർ വീണ്ടും നിരാകരിക്കുകയാണെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
മാനുഷികമായ യാതൊരു പരിഗണനയും നൽകാതെ ശത്രുതാപരമായ സമീപനമാണ് സർക്കാർ ഇപ്പോഴും വച്ചുപുലർത്തുന്നത്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിഷേധ സദസുകളിലും ക്ലിഫ് ഹൗസ് മാർച്ചിലും പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ ഇടങ്ങളിൽ പോലീസിനെ ഉപയോഗിച്ച് സർക്കാർ ആശമാരെ ഭീഷണിപ്പെടുത്തുകയാണ്. സമരം തുടങ്ങിയ സമയം മുതൽ സർക്കാരും ഭരണാനുകൂലികളും ഇത്തരം ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടതാണ്.
വീണ്ടും ഈ നടപടികൾ തുടരുന്നതിൽനിന്ന് വ്യക്തമാക്കുന്നത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനാധിപത്യ വിരുദ്ധ സമീപനമാണ്. എന്നാൽ, ഈ വിരട്ടലുകൾക്കോ ഭീഷണികൾക്കോ ആശമാർ കീഴടങ്ങില്ലെന്നും സംസ്ഥാനമെന്പാടുനിന്നും ക്ലിഫ് ഹൗസ് മാർച്ചിന് ആശമാർ എത്തിച്ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.
രാഷ്ട്രപതിക്ക് കത്തയച്ച് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: എട്ട് മാസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ആശ സമരം ആവശ്യങ്ങൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാഷ്ട്രപതിക്ക് കത്തയച്ചു.
ഉയർന്ന ജീവിതച്ചെലവുള്ള കേരളത്തിൽ ആശമാർക്ക് ദിനംപ്രതി വെറും 233 രൂപയാണ് ഓണറേറിയമായി നൽകുന്നത്. ഇത് കേരളത്തിലെ തന്നെ മിനിമം വേതനമായ 700 രൂപയായി വർധിപ്പിക്കണമെന്നാണ് ആശമാർ ആവശ്യപ്പെടുന്നത്. ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അതുതന്നെയായിരുന്നെന്നും രാഷ്ട്രപതിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജീവിതത്തിന്റെ പ്രധാന ഭാഗം മുഴുവനും സാമൂഹ്യ സേവനത്തിനായി ചെലവഴിക്കുന്ന ആശമാർക്ക് വിരമിക്കുന്ന സമയത്ത് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകണം എന്ന ആവശ്യം അങ്ങേയറ്റം ന്യായമാണ്. സമരം ചെയ്യുന്ന ആശമാർക്കൊപ്പമാണ് പൊതു സമൂഹം എന്ന് കഴിഞ്ഞ എട്ടു മാസമായി നടക്കുന്ന സമരത്തിന് ലഭിക്കുന്ന ജനപിന്തുണ തെളിയിച്ചിട്ടുണ്ട്.
ജീവൽപ്രധാനങ്ങളായ ഈ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി തവണ സർക്കാരിന്റെ വിവിധ ശ്രേണികളെ സമീപിച്ചു. ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. ഈ രാജ്യത്തെ മുൻനിര ആരോഗ്യ പ്രവർത്തകരായിട്ടുള്ള ആശമാരുടെ വേദന മനസിലാക്കി സമരം ഒത്തുതീർപ്പാക്കാൻ രാഷ്ട്രപതി അടിയന്തരമായി ഇടപെടണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.