രാഷ്ട്രപതി ഇന്ന് ശബരിമലയിൽ
Wednesday, October 22, 2025 1:39 AM IST
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമലയിൽ. നിലയ്ക്കൽ മുതൽ ശബരിമല സന്നിധാനം വരെയുള്ള പ്രദേശങ്ങൾ പൂർണമായി കേന്ദ്ര സുരക്ഷാ സേനയുടെ വലയത്തിൽ.
തിരുവനന്തപുരത്തുനിന്ന് ഇന്നു രാവിലെ 10.20ന് നിലയ്ക്കലിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടർന്ന് റോഡ് മാർഗം പമ്പയിലെത്തുന്ന ദ്രൗപദി മുർമു, ത്രിവേണിയിൽ കാൽ കഴുകി ശുദ്ധിവരുത്തും. ഇതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് പമ്പ ഗണപതികോവിലിൽ എത്തി ഇരുമുടിക്കെട്ട് നിറയ്ക്കും. തുടർന്ന് 11.10ന് ഫോർ വീൽ ഡ്രൈവ് ഗൂർഖ ജീപ്പിൽ സന്നിധാനത്തേക്കു പുറപ്പെടും. അഞ്ച് വാഹനങ്ങളിലായി 20 അംഗ സംഘമാകും അനുഗമിക്കുക.
11.50ന് സന്നിധാനത്ത് എത്തും. തുടർന്ന് പതിനെട്ടാംപടി കയറി എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം ബോർഡ് പൂർണകുംഭം നൽകി സ്വീകരിക്കും. 12.20ന് അയ്യപ്പദർശനം നടത്തും. ഉച്ചപൂജയും കണ്ടു തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നിലയ്ക്കലിലേക്ക് മടങ്ങും. 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.
വി.വി. ഗിരിക്കുശേഷം ശബരിമല സന്ദർശിക്കുന്ന രാഷ്ട്രപതി
പത്തനംതിട്ട: വി.വി. ഗിരിക്കുശേഷം സന്നിധാനത്തെത്തുന്ന രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. 1973 ഏപ്രില്‍ 10നാണ് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി ആദ്യമായി ശബരിമല സന്ദര്‍ശിച്ചത്.
രാവിലെ 11ന് സന്നിധാനത്തേക്കെത്തിയ വി.വി. ഗിരിയെ 1001 കതിന മുഴക്കിയാണ് വരവേറ്റത്. ഉച്ചകഴിഞ്ഞ് 2.15 വരെ അദ്ദേഹം സന്നിധാനത്ത് ചെലവഴിച്ചു.
രാഷ്ട്രപതിയുടെ മകനും അന്ന് കോണ്‍ഗ്രസ് എംപിയുമായിരുന്ന ശങ്കര്‍ ഗിരി, മറ്റു മക്കളായ ഭാസ്കര്‍ ഗിരി, മല്ലിക് ഗിരി എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് ഓഫീസിനു മുകളില്‍ ദേശീയ പതാകയും ഉയര്‍ത്തിയിരുന്നു.
പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ചൂരല്‍ കസേരയിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ഇതോടെയാണ് ശബരിമലയില്‍ ഡോളി സമ്പ്രദായം ആരംഭിച്ചത്. രാഷ്ട്രപതിയുടെ മക്കള്‍ കാല്‍നടയായാണ് മല കയറിയത്.
1962ല്‍ കേരള ഗവര്‍ണറായിരിക്കേ, വി.വി. ഗിരിയും ഭാര്യ സരസ്വതി ഗിരിയും ശബരിമലയിലെത്തിയിരുന്നു. ഇതിനുശേഷം അദ്ദേഹം കേന്ദ്രവുമായി ബന്ധപ്പെട്ട് ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമിലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വി.വി.ഗിരിയുടെ സന്ദര്‍ശനത്തിനുശേഷം അഞ്ച്പതിറ്റാണ്ട് പിന്നിടുമ്പോഴാണ് മറ്റൊരു രാഷ്ട്രപതി സന്നിധാനത്തേക്കെത്തുന്നത്.
നിലവില്‍ വാഹനത്തില്‍ മല കയറാന്‍ അനുമതിയില്ലെങ്കിലും സുരക്ഷയടക്കം കണക്കിലെടുത്താണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനായി വാഹനസൗകര്യം ഒരുക്കുന്നത്. ഇതോടെ വാഹനത്തില്‍ മലകയറുന്ന ആദ്യ വ്യക്തിയായി ദ്രൗപദി മുര്‍മു മാറും. സന്നിധാനത്തേക്ക് സാധനങ്ങള്‍ ട്രാക്ടറില്‍ എത്തിക്കുന്നുണ്ടെങ്കിലും ഭക്തര്‍ കാല്‍നടയായിട്ടാണ് മലകയറ്റം. രോഗികള്‍ അടക്കമുള്ളവരെ ഡോളിയിലാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്.
സംസ്ഥാന പോലീസിനൊപ്പം സുരക്ഷയ്ക്കായി കേന്ദ്രസേനയും ശബരിമലയില്‍ ഉണ്ട്. ഉള്‍വനങ്ങളിലും പാതകളിലും വനംവകുപ്പും നിരീക്ഷണം ശക്തമാക്കി.