എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം: അപ്പീല്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും
Thursday, October 23, 2025 1:10 AM IST
കൊച്ചി: എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളും സര്‍ക്കുലറുകളും ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.
സര്‍ക്കാര്‍ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നാരോപിച്ചു നല്കിയ ഹര്‍ജികള്‍ തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ പരിഗണിക്കാതെയുള്ളതാണെന്ന് ആരോപിച്ച് കേരള പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനും മലപ്പുറം തെന്നല അറക്കല്‍ എംഎഎം യുപി സ്കൂള്‍ മാനേജരും നല്കിയ അപ്പീല്‍ ഹര്‍ജികളാണ് ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
2018 നവംബര്‍ 18നും 2021 നവംബര്‍ എട്ടിനുമിടയില്‍ നടന്ന നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഡിവിഷന് ബെഞ്ച് ഉത്തരവ് നിലവിലുണ്ട്. എന്നാല്‍, ഇതേത്തുടര്‍ന്ന് ഉപാധികള്‍ കൂടി ഉള്‍പ്പെടുത്തിയാണു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അപ്പീല്‍ ഹര്‍ജിയിലെ ആരോപണം.