ശബരിമല ദർശനം: രാഷ്ട്രപതിയുടെ ഹെലികോപ്റ്റര് പ്രമാടത്ത് കോൺക്രീറ്റിൽ താഴ്ന്നു
Thursday, October 23, 2025 1:09 AM IST
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയ ഇന്ത്യൻ എയർ ഫോഴ്സ് ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ തയാറാക്കിയ താത്കാലിക ഹെലിപ്പാഡിൽ താഴ്ന്നു.
ഇന്നലെ രാവിലെ രാഷ്ട്രപതി ഹെലികോപ്ടറിൽ നിന്നിറങ്ങി കാർ മാർഗം പന്പയിലേക്കു പുറപ്പെട്ടതിനു പിന്നാലെയാണ് ഹെലികോപ്ടറിന്റെ ചക്രം ഹെലിപ്പാഡിലെ കോൺക്രീറ്റിൽ താഴ്ന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സഹായത്തോടെ ഇതു പിന്നീട് തള്ളി നീക്കുകയായിരുന്നു.
മണിക്കൂറുകൾക്കു മുന്പ് തയാറാക്കിയ ഹെലിപ്പാഡിലെ സിമന്റ് കോൺക്രീറ്റിംഗ് ഉറയ്ക്കാതിരുന്നതാണ് ചക്രം താഴാൻ കാരണമായതെന്നാണ് നിഗമനം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എയർഫോഴ്സ് ഉദ്യോഗസ്ഥരും വിശദീകരണം തേടിയിട്ടുണ്ട്. രാഷ്ട്രപതി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുമായി മറ്റ് രണ്ട് ഹെലികോപ്ടറുകൾ കൂടി പ്രമാടത്തെ ഹെലിപ്പാഡിൽ ഇറങ്ങിയിരുന്നു. മൂന്ന് ഹെലികോപ്ടറുകളും വൈകുന്നേരം ഇതേ സ്ഥലത്തു നിന്നുതന്നെയാണ് തിരുവനന്തപുരത്തേക്ക് രാഷ്ട്രപതിയുമായി മടങ്ങിയത്.
ഹെലിപ്പാഡ് നിർമിച്ചത് ചൊവ്വാഴ്ച രാത്രി
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാസങ്ങൾക്കു മുന്പേ തീരുമാനിച്ചിരുന്നതാണെങ്കിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപ്പാഡ് സജ്ജമാക്കിയത് ചൊവ്വാഴ്ച രാത്രിയാണ്.നിലയ്ക്കൽ ഹെലിപാഡിൽ കോപ്റ്റർ ഇറക്കാനായിരുന്നു നേരത്തേ ഉദ്ദേശിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാലാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റാൻ തീരുമാനമുണ്ടായത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹെലിപ്പാഡിന്റെ നിർമാണം പിഡബ്ല്യുഡി തുടങ്ങി. ഇന്നലെ പുലർച്ചെയാണ് ഇത് പൂർത്തീകരിച്ചത്.
റെഡിമിക്സ് ഉപയോഗിച്ചായിരുന്നു നിർമാണം. അപകാതയില്ലെന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും പരിശോധിച്ച് വിലയിരുത്തുകയും ചെയ്തതാണെന്ന് പറയുന്നു.
ഹെലികോപ്ടറിന്റെ ചക്രം കോൺക്രീറ്റിൽ താഴ്ന്നതു വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ വകുപ്പുകൾ സംസ്ഥാനത്തോടു വിശദീകരണം തേടിയത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാനം നൽകിയ മറുപടി. ഹെലികോപ്ടര് ലാൻഡ് ചെയ്യാനുള്ള എച്ച് ഭാഗം കോൺക്രീറ്റ് ചെയ്യാനാണ് നിർദേശിച്ചിരുന്നതെന്നും എന്നാൽ ലാൻഡിംഗ് സമയത്ത് അല്പം മാറിപ്പോയതിനാലാണ് തള്ളി മാറ്റേണ്ടിവന്നതെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു.
ഹെലിപ്പാഡിൽ എന്തെങ്കിലും വിഷയമുണ്ടായെങ്കിൽ മടക്ക യാത്ര ഇവിടെ നിന്നാകുമായിരുന്നില്ല. ആദ്യം കോൺക്രീറ്റ് ചെയ്ത ഹെലിപ്പാഡിലാണ് രാഷ്ട്രപതിയുടെ ഹെലികോപ്ടർ താഴ്ന്നത്. പിന്നീടു കോൺക്രീറ്റ് ചെയ്ത രണ്ട് ഹെലിപ്പാഡുകളിലാണ് മറ്റു രണ്ട് ഹെലികോപ്ടർ സുഗമമായി ലാൻഡ് ചെയ്തതെന്നും കളക്ടർ വിശദീകരിച്ചു.
പ്ലാൻ ബി ഉണ്ടായിരുന്നില്ല
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്ലാൻ ബി തയാറാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ആക്ഷേപം. ശബരിമല യാത്രയ്ക്കു രാഷ്ട്രപതി തയാറെടുത്തു തുടങ്ങിയിട്ടു തന്നെ മാസങ്ങളായി. ഇതനുസരിച്ച് കേന്ദ്ര സുരക്ഷാ സേന പലതവണ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. കേന്ദ്ര സേനയുടെ കൂടി നിർദേശപ്രകാരമാണ് നിലയ്ക്കൽ ഹെലിപാഡ് തെരഞ്ഞെടുത്തത്. എന്നാൽ മഴക്കാലമായതിനാൽ നിലയ്ക്കലിൽ ഉണ്ടാകാവുന്ന കാലാവസ്ഥ പ്രശ്നങ്ങൾ പരിഗണിക്കാതെയാണ് മുന്നോട്ടുപോയത്.
രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ തലേന്നു മാത്രമാണ് നിലയ്ക്കലിനു പകരം സംവിധാനം ആലോചിച്ചത്. തിരുവനന്തപുരത്തുനിന്ന് കാർ മാർഗം പന്പയിലെത്തിക്കാൻ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നു കണ്ടതോടെയാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയം പരിഗണിച്ചത്.
ഇറങ്ങാനുള്ള സ്ഥലം മാറ്റിയതോടെ രാഷ്ട്രപതിയുടെ യാത്രാ സമയത്തിലും മാറ്റം വരുത്തേണ്ടിവന്നു. നേരത്തേ നിശ്ചയിച്ചിരുന്നതിൽനിന്നും ഒരു മണിക്കൂർ നേരത്തെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. പ്രമാടത്ത് ഇറങ്ങിയശേഷം മല്ലശേരി, കുന്പഴ, മൈലപ്ര, വടശേരിക്കര, പെരുനാട്, ളാഹ, ചാലക്കയം വഴി കാർ മാർഗം 70 കിലോമീറ്റർ സഞ്ചരിച്ചാണ് രാഷ്ട്രപതിയും സംഘവും ശബരിമലയിലെത്തിയത്.
മുന്പ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, കേന്ദ്രമന്ത്രിമാർ, അനിൽ അംബാനി അടക്കമുള്ളവർ ഹെലികോപ്ടറിൽ ഇറങ്ങിയിട്ടുള്ള ഗ്രൗണ്ടാണ് പ്രമാടത്തേത്. എന്നാൽ സ്ഥിരമായ ഹെലിപ്പാഡ് സജ്ജമല്ലാത്തതിനാലാണ് കോൺക്രീറ്റിംഗ് വേണ്ടിവന്നത്. മഴ പെയ്തു കുതിർന്ന മണ്ണിലേക്ക് റെഡിമിക്സ് ഉപയോഗിച്ച് മൂന്ന് ഹെലിപ്പാഡുകൾ മണിക്കൂറുകൾക്കുള്ളിൽ തയാറാക്കുകയായിരുന്നു.