കത്തോലിക്ക കോൺഗ്രസ് അവകാശസംരക്ഷണ യാത്രയ്ക്ക് പാലായിൽ ഉജ്വല സ്വീകരണം
Wednesday, October 22, 2025 1:39 AM IST
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിഷയങ്ങള്‍ 50 ലക്ഷം വരുന്ന സീറോമലബാര്‍ സമുദായത്തിന്റെ പ്രശ്നങ്ങളാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ നയിക്കുന്ന അവകാശസംരക്ഷണ യാത്രയ്ക്ക് പാലായിൽ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പം സഭ നിൽക്കും എന്ന് ഉറപ്പു നല്കുന്നു.അനാവശ്യകാര്യങ്ങളും അനീതികളും നമ്മള് ചോദിക്കുന്നില്ല. ന്യായമായ അവകാശങ്ങളാണ് ചോദിക്കുന്നത്. ഇന്ന് യുവാക്കള്‍ നാടുവിട്ടു പോകുന്നു. സർക്കാർ ജോലികളില്‍ സംവരണമില്ല. നിരവധി അധ്യാപകര്‍ ശന്പളമില്ലാതെ ജോലി ചെയ്യുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ക്രൈസ്തവര്‍ വിവിധ മേഖലളില്‍ തുടച്ചു മാറ്റപ്പെടും. അതിനാല്‍ രാഷ്ട്രീയമായി ബലപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 13ന് കാസര്‍കോട് നിന്നാരംഭിച്ച ജാഥ വിവിധ രൂപതകളിലൂടെ കടന്ന് ഇന്നലെ പാലാ രൂപതയില്‍ എത്തി അരുവിത്തുറ, രാമപുരം ഫൊറോനകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ പര്യടനം പാലാ കുരിശുപള്ളി കവലയില്‍ സമാപിച്ചു.
കുരിശുപള്ളിക്കവലയില്‍ നടന്ന സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ഫിലിപ്പ് കവിയില്‍, പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജോസ് കാക്കല്ലില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, ജേക്കബ് മുണ്ടക്കല്‍, ജോയി കണിപ്പറമ്പില്‍, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.