കോടതിയിൽ മൊബൈൽ ഷൂട്ടിംഗ്; സിപിഎം വനിതാ നേതാവിന് തടവും 1,000 രൂപ പിഴയും
Wednesday, October 22, 2025 1:39 AM IST
തളിപ്പറമ്പ്: കോടതി നടപടികൾ മൊബൈൽ ഫോണിൽ പകർത്തിയതിന് സിപിഎം ഏരിയാ കമ്മിറ്റിയംഗമായ വനിതാ നേതാവിനെ കോടതി പിരിയുംവരെ തടവിനും ആയിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു.
പയ്യന്നൂർ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർപേഴ്സണും സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗവുമായ വെള്ളൂർ സ്വദേശിനി കെ.പി. ജ്യോതിയെയാണ് തളിപ്പറന്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് ഇന്നലെ ശിക്ഷിച്ചത്.
പയ്യന്നൂരിലെ ധനരാജ് വധക്കേസിന്റെ രണ്ടാംഘട്ട വിചാരണ ഇന്നലെ തളിപ്പറന്പ് അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നുവരവേ ഉച്ചയക്ക് 12 ഓടെ ജ്യോതി കോടതി നടപടികൾ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ധനരാജിന്റെ ഭാര്യ സജിനിയെയായിരുന്നു വിചാരണ ചെയ്തിരുന്നത്. സ്പെഷല്‍ പ്രോസിക്യൂട്ടറും ഹൈക്കോടതി അഭിഭാഷകനുമായ സി.കെ. ശ്രീധരന്റെ വാദത്തിനുശേഷം പ്രതികളായ 19 പേരെ തിരിച്ചറിയാനായി പ്രതികള്‍ നില്ക്കുന്ന ഭാഗത്തേക്ക് സജിനി നടന്നുപോകുന്നതാണ് കോടതിയുടെ പുറത്തെ ഇടനാഴിയില്നിന്നുകൊണ്ട് ജ്യോതി മൊബൈലില്‍ പകര്‍ത്തിയത്. ഇതു ശ്രദ്ധയില്‍പെട്ട ജഡ്ജി പ്രശാന്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് ഇവരുടെ മൊബൈല്‍ കസ്റ്റഡിലെടുക്കാന്‍ ഉത്തരവിട്ടു.
മൊബൈല്‍ പരിശോധിച്ച് കോടതി നടപടികള്‍ ചിത്രീകരിച്ചതായി ബോധ്യപ്പെട്ടതോടെ ജഡ്ജി തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രനെ കോടതിയിലേക്കു വിളിച്ചുവരുത്തി.
ജ്യോതിയെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും നിർദേശിച്ചു. ഉച്ചകഴിഞ്ഞ് 2.20 ന് ഉച്ചഭക്ഷണത്തിനു പിരിഞ്ഞ കോടതി മൂന്നരയ്ക്കു വീണ്ടും ചേര്‍ന്നപ്പോള്‍ ജഡ്ജി ഇവരുടെ പെരുമാറ്റത്തിലെ ഗൗരവകുറ്റം ചൂണ്ടിക്കാണിച്ച് 1000 രൂപ പിഴ ചുമത്തുകയും കോടതി പിരിയുംവരെ തടവു വിധിക്കുകയുമായിരുന്നു.
പിഴയടയ്ക്കാൻ ഇപ്പോൾ കൈയിൽ പണമില്ലെന്ന് ജ്യോതി കോടതിയെ അറിയിച്ചു. എങ്കിൽ ഒരു മാസത്തെ തടവാണു വിധിക്കേണ്ടതെന്നായിരുന്നു രൂക്ഷവിമർശനത്തോടെ കോടതി മറുപടി നൽകിയത്. ഇതോടെ തന്റെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും കോടതി മാപ്പാക്കണമെന്നും ജ്യോതി അപേക്ഷിച്ചു.
മാപ്പ് വെറുതെ പറഞ്ഞാല്‍ പേരെന്നും രേഖാമൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് രേഖാമൂലം മാപ്പപേക്ഷ നല്‍കുകയും 1,000 രൂപ പിഴയടയ്ക്കുകയും വൈകുന്നേരം അഞ്ചിനു കോടതി പിരിയുന്നതുവരെ കോടതിയിൽ തടവ് അനുഭവിക്കുകയുമായിരുന്നു.