തിരുനെല്ലി ആശ്രമം സ്കൂള്‍ വിദ്യാർഥിനികൾക്ക് ദുരിതം; മന്ത്രി ഒ.ആർ. കേളുവിന് വിമർശനം
Thursday, October 23, 2025 1:09 AM IST
കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള തിരുനെല്ലി ആശ്രമം വിദ്യാലയത്തിൽ വിദ്യാർഥിനികൾ അനുഭവിക്കുന്ന ദുരിതത്തിൽ മന്ത്രി ഒ.ആർ. കേളുവിന് നിശിത വിമർശനം.
കെട്ടിടം അപകടാവസ്ഥയിലായതോടെ ഹോസ്റ്റൽ പ്രവർത്തനം നിലച്ചതാണ് വിദ്യാലയത്തിലെ 127 പട്ടികവർഗ വിദ്യാർഥിനികൾക്ക് ദുരിതമായത്. മൂന്നു ക്ലാസ് മുറികളിലാണ് ഇത്രയും കുട്ടികളെ താത്കാലികമായി പാർപ്പിച്ചിരിക്കുന്നത്. ഇവർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു ശുചിമുറി മാത്രമാണ് ഉള്ളത്.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിലും പഞ്ചായത്തിലുമാണ് തിരുനെല്ലി ആശ്രമം സ്കൂൾ. വിദ്യാലയം ആറളത്തേക്കു മാറ്റാൻ നേരത്തേ തീരുമാനമായിരുന്നു. എന്നാൽ ആറളത്തു കെട്ടിടത്തിൽ വൈദ്യുതി കണക്്ഷൻ ഇല്ലാത്തത് തടസമായി. കെട്ടിടത്തിൽ വൈദ്യുതിയെത്തിക്കാൻ നടപടികൾ മന്ദഗതിയിലാണ്. ആണ്-പെണ് വിഭാഗങ്ങളിലായി 256 കുട്ടികളാണ് ആശ്രമം വിദ്യാലയത്തിൽ.
പട്ടികവർഗത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന അടിയ, പണിയ വിഭാഗങ്ങളിൽനിന്നുള്ളവരാണ് ഇവർ. കോഴിക്കോട് ജില്ലയിൽനിന്നുള്ള അഞ്ച് പേർ ഒഴികെയുള്ളവർ വയനാട്ടുകാരാണ് എന്നിരിക്കെ വിദ്യാലയം ആറളത്തേക്ക് മാറ്റുന്നതും വിവാദമായിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്ത് മുൻ പ്രസിഡന്റാണ് മന്ത്രി ഒ.ആർ. കേളു.
ആശ്രമം വിദ്യാലയത്തിൽ പെണ്‍കുട്ടികൾ അനുഭവിക്കുന്ന ദുരിതം അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് പറഞ്ഞു. സ്കൂളിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റൽ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് എൻജിനിയർ നാല് മാസം മുമ്പ് രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
വിദ്യാലയം ആറളത്തേക്കു മാറ്റുന്നത് വയനാട്ടുകാരായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയാസമുണ്ടാക്കും. അതിനാൽ വിദ്യാലയം വയനാട്ടിൽ നിലനിർത്താൻ മന്ത്രി നടപടി സ്വീകരിക്കണം.
വിഷയത്തിൽ മനുഷ്യാവകാശ, ബാലാവകാശ, എസ്സി-എസ്ടി കമ്മീഷനുകൾ ഇടപെടണമെന്നും പൗലോസ് ആവശ്യപ്പെട്ടു. സത്വര പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
ആശ്രമം വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ ദുരിതത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ, ബാലാവകാശ കമ്മീഷനുകൾക്ക് പരാതി നൽകിയതായി കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് അറിയിച്ചു.