കൊച്ചുത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ശതാബ്ദി ആഘോഷം 25ന്
Thursday, October 23, 2025 1:10 AM IST
കൊച്ചി: മിഷന്‍പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ 25ന് നടക്കുമെന്ന് കര്‍മലീത്ത ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. അഗസ്റ്റിന് മുള്ളൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ തിരുവനന്തപുരം ലത്തീൻ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സീറോമലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
ഹൈബി ഈഡന് എംപി, കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, സിആര്‍ഐ പ്രസിഡന്റ് റവ. ഡോ. സാജു ചക്കാലയ്ക്കല്‍, റവ. ഡോ. പയസ് ജയിംസ് ഡിസൂസ, റവ. ഡോ. സില്‍വസ്റ്റര്‍ ഡിസൂസ, സിസ്റ്റര്‍ ഡോ. ആര്‍ദ്ര, സിസ്റ്റര്‍ ഷാഹില തുടങ്ങിയവര്‍ പ്രസംഗിക്കും.
ആഘോഷത്തിന്റെ ഭാഗമായി രാവിലെ 9.30 മുതല്‍ സെമിത്തേരിമുക്ക് ഹോളി ഫാമിലി മൊണാസ്ട്രി കാര്‍മല്‍ ഹാളില്‍ സെമിനാര്‍ സെഷനുകള്‍ നടക്കും. റവ. ഡോ. സാജന് ജോര്‍ജ് പേരേപ്പറമ്പില്‍, സിസ്റ്റര്‍ ഡോ. സുനിത റൂബി, റവ.ഡോ. ജോസി താമരശേരി, സിസ്റ്റര്‍ ഡോ. സില്‍വിയ, ഫാ. മാര്ട്ടിന് പുളിക്കല്‍, റവ. ഡോ. ഏബ്രഹാം കൊറ്റനെല്ലൂര്‍, സിസ്റ്റര്‍ ഷാലിനി എന്നിവര്‍ വിഷയാവതരണം നടത്തും.