തത്കാലം ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലാകില്ല; സർക്കാരിനു സമയം നൽകി ഉപകരണ വിതരണക്കാർ
Wednesday, October 22, 2025 1:39 AM IST
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയകൾ തത്കാലം മുടങ്ങില്ല. കുടിശിക തീർക്കാൻ പത്തു ദിവസംകൂടി സമയം നൽകണമെന്ന ആരോഗ്യവകുപ്പിന്റെ ആവശ്യം ഉപകരണ വിതരണക്കാർ സമ്മതിച്ചു.
നൽകിയ ഉപകരണങ്ങളുടെ പണം നൽകാത്ത സാഹചര്യത്തിൽ അവ തിരിച്ചെടുക്കുമെന്നു വിതരണക്കാർ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണു സർക്കാർ സമയപരിധി നിശ്ചയിച്ചു കുടിശിക നൽകാൻ തയാറായത്. എന്നാൽ, കോട്ടയം മെഡിക്കൽ കോളജിൽ നിന്നും വിതരണക്കാർ സ്റ്റെന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തിരിച്ചെടുത്തതായും വിവരമുണ്ട്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽനിന്നും എറണാകുളം ജനറൽ ആശുപത്രിയിൽനിന്നും സ്റ്റെന്റ് ഉൾപ്പെടെയുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെ എടുക്കുമെന്നായിരുന്നു നേരത്തേ വിതരണക്കാർ സർക്കാരിനെ അറിയിച്ചത്. എന്നാൽ സർക്കാർ വീണ്ടും കുടിശിക നൽകാനുള്ള സമയം നീട്ടി ചോദിച്ചു.
പക്ഷേ, ചില വിതരണക്കാർ ഉപകരണങ്ങൾ പിന്നീടു നൽകിയില്ല. ഇതോടെ സർക്കാർ പ്രതിസന്ധിയിലായി. ഇപ്പോൾ നൂറു കോടി രൂപയാണ് ഉപകരണ വിതരണക്കാർക്കു നൽകാനുള്ള കുടിശിക. ഉപകരണങ്ങൾ പുർണമായും തിരിച്ചെടുക്കുമെന്നു വിതരണക്കാർ അറിയിച്ചതോടെയാണ് വീണ്ടും സർക്കാർ സമയം ചോദിച്ചിരിക്കുന്നത്.