കെപിസിസി പുനഃസംഘടനയിൽ പുലയ സമുദായത്തെ അവഗണിച്ചെന്ന് കെപിഎംഎസ്
Wednesday, October 22, 2025 1:39 AM IST
തിരുവനന്തപുരം: കെപിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ പുലയ സമുദായത്തെ അവഗണിച്ചതായി കെപിഎംഎസ് ജനറൽ സെക്രട്ടറി ആലംകോട് സുരേന്ദ്രൻ ആരോപിച്ചു. പുലയ സമുദായത്തിൽനിന്ന് ഒരു ഭാരവാഹിയെ മാത്രമാണു പുനഃസംഘടനയിൽ ഉൾപ്പെടുത്തിയത്.
282 ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ ഒരാളെ പോലും പരിഗണിച്ചില്ല. 320 കെപിസിസി അംഗങ്ങളെ നിയമിച്ചപ്പോൾ 19പേർ മാത്രമാണ് പട്ടിക വിഭാഗത്തിന് ലഭിച്ചത്. ഇടതു മുന്നണിയും അർഹമായ പരിഗണന പുലയ സമുദായത്തിനു നൽകിയില്ല.
കഴിവും പ്രാപ്തിയുമുള്ള സമുദായാംഗങ്ങളെ പരിഗണിക്കാത്ത രാഷ്ട്രീയ കക്ഷികൾക്ക് വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകുമെന്നു ഭാരവാഹികൾ പറഞ്ഞു.