വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അച്ചടക്കവും അക്കാദമിക് അന്തരീക്ഷ സംരക്ഷണവും അനിവാര്യം: എകെഎസ്എഫ്എസ്എഫ്
Wednesday, October 22, 2025 1:39 AM IST
കണ്ണൂർ: സംസ്ഥാനത്തെ സ്കൂളുകളിൽ സമാധാനവും അക്കാദമിക അന്തരീക്ഷവും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ഓൾ കേരള സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷൻ (എകെഎസ്എഫ്എസ്എഫ്).
എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂളിൽ ഉണ്ടായതുപോലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളുടെ കൂട്ടായ്മയായ എകെഎസ്എഫ്എസ്എഫ് നിലപാട് വ്യക്തമാക്കിയത്.
വിവിധ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പശ്ചാത്തലങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഒരുമിച്ചു ചേർന്നു പഠനം നടത്തുന്ന ഇടമാണ് വിദ്യാലയം. ഇവിടെ സ്ഥാപനത്തിന്റെസുഗമമായ പ്രവർത്തനത്തിനും എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുന്നതിനും അച്ചടക്കമുള്ള ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി ഓരോ വിദ്യാലയവും രൂപവത്കരിക്കുന്ന പൊതുവായ പ്രവർത്തന മാനദണ്ഡങ്ങൾ പരമപ്രധാനമാണ്.
ഫെഡറേഷന്റെ നിർദേശങ്ങൾ ഇങ്ങനെയാണ്: എല്ലാ സ്വാശ്രയ സ്കൂളുകളും പൊതുവായി അംഗീകരിക്കുന്നതും ഓരോ സ്ഥാപനത്തിന്റെയും നിയമാവലികൾക്കനുസൃതമായതുമായ നിർദേശങ്ങൾ വിദ്യാർഥികൾ പൂർണ മനസോടെ അംഗീകരിക്കുകയും പാലിക്കുകയും ചെയ്യണം.
വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ, സ്കൂളിന്റെ പൊതുവായ ചിട്ടവട്ടങ്ങളും യൂണിഫോം കോഡുകളും ഉൾപ്പെടെയുള്ള പ്രവർത്തന മാനദണ്ഡങ്ങൾ പാലിച്ച് ഒരുമയുടെയും സൗഹൃദത്തിന്റെ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരാണ്.
വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളേക്കാൾ സ്ഥാപനപരമായ അച്ചടക്കമാണ് ഒരുമിച്ചു മുന്നോട്ടു പോകുന്നതിന് ആവശ്യം. വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവർ ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കാനോ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിനു തടസമുണ്ടാക്കാനോ ശ്രമിക്കുന്നതിനെ ശക്തമായി ചെറുക്കണം.
സ്കൂൾ കാര്യങ്ങളിലെ ഏതൊരു അഭിപ്രായവ്യത്യാസവും സ്ഥാപന അധികൃതരുമായി തുറന്ന ചർച്ചകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കണം.
വിദ്യാഭ്യാസത്തിനുള്ള അവകാശം പ്രധാനപ്പെട്ടതാണ്. അത് യാതൊരു തടസങ്ങളുമില്ലാതെ വിദ്യാർഥികൾക്കു ലഭ്യമാക്കാൻ സ്കൂൾ മാനേജ്മെന്റുകൾ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യങ്ങളിൽ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും പൂർണ സഹകരണം ഫെഡറേഷൻ അഭ്യർഥിക്കുകയാണെന്നും ഓൾ കേരള സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂർ പ്രസ്താവനയിൽ അറിയിച്ചു.