ചിലര്‍ പുരോഗതി കണ്ടില്ലെന്നു നടിക്കുന്നു: മുഖ്യമന്ത്രി
Wednesday, October 22, 2025 1:38 AM IST
കോഴിക്കോട്: കണ്മുന്നിലുള്ള നേട്ടങ്ങളും പുരോഗതിയും ചില കൂട്ടര് കണ്ടില്ലെന്നു നടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കല്ലുത്താന്‍കടവിലെ ന്യൂപാളയം പഴം-പച്ചക്കറി മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസന നേട്ടങ്ങള്‍ ഏതെങ്കിലും പ്രത്യേക മോഹക്കാര്ക്കു നേട്ടങ്ങളുണ്ടാക്കാനല്ലെന്നും പകരം നാടിന്റെ മുന്നോട്ടുപോക്കിനാണെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനകാര്യങ്ങളെ അംഗീകരിക്കുകയും അവ നടപ്പാക്കുകയും ചെയ്യുന്നതിനു പ്രതിപക്ഷം പിന്തുണ നല്കുകയാണു വേണ്ടത്. ഭരണത്തിലുള്ളവര്‍ കൃത്യതയോടെ കാര്യങ്ങള്‍ നിര്വഹിക്കാതെവന്നാലും അലംഭാവവും ഉദാസീനതയും വരുത്തിയാലും അതിനെ പ്രതിപക്ഷം വിമര്‍ശിക്കണം. എന്നാല്‍, നാടിന്റെ വികസനകാര്യങ്ങളെ അനുകൂലിക്കാതിരിക്കാന്‍ പാടില്ല. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അടുത്ത കാലത്തായി ഈ പ്രവണത ശക്തിപ്പെട്ടു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല കാര്യങ്ങള്‍ നല്ലതാണെന്ന് അംഗീകരിച്ചാല്‍ പ്രയാസം വരുമെന്നു ചിന്തിക്കുന്ന തലത്തിലേക്കു ചിലര്‍ മാറുകയാണ്. അത് അവരുടെ രീതിയായി മാറി.തെരഞ്ഞെടുപ്പ് വരുമ്പോള്‍ കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ നടക്കും. അതു കഴിഞ്ഞാല്‍ അവിടത്തെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജയിച്ചവരും പരാജയപ്പെട്ടവരും താത്പര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ പാളയം മാര്‍ക്കറ്റ് സമുച്ചയത്തിലെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും ഹോള്‍സെയില്‍ ആന്‍ഡ് ഓപ്പണ്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും നിര്‍വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി.