ജീവ മിൽക്ക് രജത ജൂബിലി നിറവിൽ
Saturday, March 22, 2025 1:37 AM IST
കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള ക്ഷീര കർഷക പ്രസ്ഥാനമായ ജീവ മിൽക്ക് രജതജൂബിലി നിറവിൽ. രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്നു വൈകുന്നേരം 4.30 ന് പരീക്കണ്ണി ജീവ മിൽക്ക് പ്ലാന്റ് അങ്കണത്തിൽ നടക്കും.
ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യപ്രഭാഷണവും സ്കോളർഷിപ്പ് വിതരണവും നിർവഹിക്കും.
ഫ്രാൻസിസ് ജോർജ് എംപി ജീവ ഭവനനിർമാണ പദ്ധതിയുടെ ഉദ്ഘാടനവും താക്കോൽ ദാനവും നടത്തും. ജീവ ഭവന പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിക്കും. പശു സംരക്ഷണ ഇൻഷ്വറൻസ് വിതരണോദ്ഘാടനം പി.ജെ. ജോസഫ് എംഎൽഎ നിർവഹിക്കും.
രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ കുട്ടികൾക്കുള്ള പഠന സഹായ പദ്ധതിയുടെ ഫണ്ട് വിതരണ ഉദ്ഘാടനം നിർവഹിക്കും. ഓർഫനേജ് സഹായ പദ്ധതി രൂപത വികാരി ജനറാൾ മോൺ വിൻസന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
1999ൽ പ്രവർത്തനമാരംഭിച്ച ജീവ മിൽക്ക് ഇന്നു മധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ ക്ഷീരമേഖലയിൽ സജീവമായ ജനകീയ പ്രസ്ഥാനമാണ്.
കർഷകർക്കു കാലിവളർത്തലിൽ പ്രോത്സാഹനവും ക്ഷീരോത്പാദക സംഘങ്ങൾ രൂപീകരിച്ചു പാൽ സംഭരണവും നടത്തുന്നുണ്ട്. പരീക്കണ്ണിയിലെ അത്യാധുനിക പ്ലാന്റിൽനിന്നു ജീവ ടോൺഡ് മിൽക്ക്, ജീവ ഹോമോജനൈസ്ഡ് മിൽക്ക്, ജീവ സിൽവർ മിൽക്ക്, ജീവ കട്ടിമോര്, ജീവ നറുനെയ് എന്നിവ വിപണിയിലെത്തുന്നു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ജീവ മിൽക്ക് ലഭ്യമാണ്.
ക്ഷീരകർഷകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്ന ജീവ മിൽക്ക്, ക്ഷീരകർഷകർക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നുണ്ട്.
ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ആശീർവദിച്ച് പ്രവർത്തനമാരംഭിച്ച ജീവ മിൽക്കിന്റെ സ്ഥാപക ഡയറക്ടറായി റവ. ഡോ. കുര്യാക്കോസ് കൊടകല്ലിൽ (1999 -2004 ) സേവനം ചെയ്തു. 2004 മുതൽ 2016 വരെ ഫാ. ജേക്കബ് തലാപ്പിള്ളിലായിരുന്നു ഡയറക്ടർ.
രക്ഷാധികാരിയായ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ ദീർഘവീക്ഷണവും പ്രസ്ഥാനത്തോടുള്ള താത്പര്യവുമാണ് ജീവ മിൽക്ക് കൂടുതൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ജനകീയ പ്രസ്ഥാനമായി മാറാനും കാരണമെന്ന് 2016 മുതൽ എക്സിക്യൂട്ടീവ് ഡയറക്ടറായ ഫാ. ജോസ് മൂർക്കാട്ടിൽ പറഞ്ഞു.
ഐഎസ്ഒ 9001:2015 സർട്ടിഫിക്കേഷനുള്ള ജീവ മിൽക്കിൽ ഇന്ന് 150 ജീവനക്കാരുണ്ട്. 42 ക്ഷീരസംഘങ്ങളിലായി 100ലധികം ജീവനക്കാരും 1500 ക്ഷീരകർഷകരും 2500 വിതരണ ഏജൻസികളും 2.50 ലക്ഷത്തോളം ഉപഭോക്താക്കളുമുണ്ട്.