പീഡനം: അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Saturday, March 22, 2025 1:37 AM IST
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിന്റെ (58) മുന്‍കൂര്‍ ജാമ്യഹര്‍ജിയാണു ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് തള്ളിയത്.
പെണ്‍കുട്ടിയുടെ മൊഴി നിറകണ്ണുകളോടെ മാത്രമേ വായിക്കാനാകൂവെന്ന് കോടതി വിലയിരുത്തി. പ്രതി അഭിഭാഷകവൃത്തിക്ക് കളങ്കമേല്‍പ്പിച്ചതായും കോടതി നിരീക്ഷിച്ചു. വിക്ടിം റൈറ്റ് സെന്റര്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മുഖേന പെണ്‍കുട്ടിയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് ഹര്‍ജി തള്ളിയത്.
ഇപ്പോള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ കുട്ടിയെ ചെറുപ്രായം മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. അകന്നുകഴിയുന്ന മാതാപിതാക്കളുടെ മകളായ പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീയാണ് ഹർജിക്കാരനു പരിചയപ്പെടുത്തിയത്.
2022ല്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്ത്രീ പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ ഹോട്ടലില്‍ എത്തിക്കുകയും അവിടെവച്ച് നിര്‍ബന്ധിച്ചു മദ്യം നല്കി ഹര്ജിക്കാരന് ആദ്യം ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ സ്ത്രീയുടെ സാന്നിധ്യത്തിലാണ് നിര്‍ബന്ധിച്ചു മദ്യം കഴിപ്പിച്ചത്.
നഗ്നചിത്രങ്ങളും വീഡിയോകളും ഹര്‍ജിക്കാരന്റെ പക്കലുണ്ടെന്ന് സ്ത്രീ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കുട്ടി വീണ്ടും പലതവണ ഇയാളുടെ പീഡനത്തിനിരയായി.
പണത്തിനുവേണ്ടിയാണ് പെണ്‍കുട്ടി ആരോപണങ്ങളുന്നയിക്കുന്നതെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഒരു ആണ്‍കുട്ടിക്കെതിരേ പെണ്‍കുട്ടി മുമ്പ് പരാതി നല്‍കിയെങ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കിയതായും ചൂണ്ടിക്കാട്ടി. മുമ്പ് ഉന്നയിച്ച പീഡനപരാതിക്കു പിന്നില്‍ ഹര്ജിക്കാരനായിരുന്നുവെന്നാണ് വിക്ടിം റൈറ്റ് സെന്റര്‍ പ്രോജക്ട് കോ- ഓര്‍ഡിനേറ്ററോട് കുട്ടി പറഞ്ഞത്.
തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.12ാം ക്ലാസ് പഠനത്തിനുശേഷം ഫോറന്‍സിക് സര്‍ജനാകാന്‍ കോഴ്സിനു ചേരണമെന്ന കുട്ടിയുടെ ആഗ്രഹത്തിനൊപ്പം സമൂഹമുണ്ടാകുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.