പെട്ടിയുടെ പിന്നാലെ പോയി ഭരണപരാജയം മറച്ചുവയ്ക്കാൻ സിപിഎം ശ്രമം: മുരളി
Monday, November 11, 2024 4:19 AM IST
പാലക്കാട്: പെട്ടിയുടെ പിന്നാലെ പോയി ഭരണപരാജയം മറച്ചുവയ്ക്കാനാണു സിപിഎം ശ്രമിക്കുന്നതെന്നു മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോവുകയാണ്. ജനകീയവിഷയങ്ങളിലൊന്നും ഇടപെടാന്‍ ഇവര്‍ക്ക് താത്പര്യമില്ലെന്നും കെ. മുരളീധരന് കുറ്റപ്പെടുത്തി. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥമെത്തിയ മുരളീധരൻ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു 101 ശതമാനം വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നു നേരത്തേ അറിയിച്ചതുപോലെ പത്താംതീയതിതന്നെ എത്തി. യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് എത്തിയത്. മറ്റ് വിവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഈ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടിയാണ് രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സീറ്റ് നിലനിര്‍ത്തണമെന്നതു പാര്‍ട്ടിയുടെ ആവശ്യമാണെന്നും കെ. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞില്ല. വയനാട് ദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ കാല്‍ക്കാശുപോലും സഹായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരും തയാറായില്ല. ഇതെല്ലാം മറച്ചുവയ്ക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. നീലപ്പെട്ടിയുടെ പിന്നാലെ പോയതു സിപിഎമ്മാണ്. റെയ്ഡ് നടത്തിയിട്ടും നയാപൈസ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന് സിപിഎം മറുപടി പറയണം. വനിതാ ഉദ്യാഗസ്ഥര്‍ ഇല്ലാതെയാണു വനിതാ നേതാക്കള്‍ താമസിക്കുന്ന മുറിയില്‍ റെയ്ഡ് നടത്തിയത്. സിപിഎമ്മിന് ഇതിനും മറുപടിയില്ല. ആരു വിളിച്ചുപറഞ്ഞിട്ടാണു റെയ്ഡ് നടത്തിയതെന്നു പോലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണു പ്രധാന മത്സരം. ബിജെപി അപ്രസക്തമാണ്. ശോഭാ സുരേന്ദ്രന് വന്നോ ഇല്ലയോ എന്നുപോലും അറിയില്ല. സന്ദീപ് വാര്യര്‍ എവിടെയാണെന്ന് അദ്ദേഹത്തിനുപോലും നിശ്ചയമില്ല. ഇതല്ലാം അവരെ ബാധിക്കും. ബിജെപിയില്‍ വലിയൊരു വിഭാഗം എതിര്‍ചേരിയിലാണ്. അവര്‍ ഈ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്കു പോകുമെന്നും മുരളീധരന് പറഞ്ഞു.