പാലക്കാടൻ ട്രോളി : ‘കുഴലിൽ’ ഉരുണ്ടു കളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Sunday, November 10, 2024 1:03 AM IST
തിരുവനന്തപുരം: പാലക്കാട് കള്ളപ്പണവുമായി ബന്ധപ്പെട്ട വ്യാജ ആരോപണത്തിലെ പോലീസ് നടപടിയിൽ ഉരുണ്ടുകളിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. കള്ളപ്പണ വ്യാജ ആരോപണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ തുടർ നടപടികൾ വൈകിപ്പിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.
പാലക്കാട് സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ ജില്ലാ വരണാധികാരിയായ കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്നാണു വിവരം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായതായി പരാതി ഉയർന്നാൽ, ജില്ലാ വരണാധികാരിയായ കളക്ടർമാരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുകയാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സുതാര്യവും ജനകീയവുമാക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർമാരുടെ റിപ്പോർട്ട് സ്വീകരിച്ച ശേഷം തുടർ നടപടി സ്വീകരിക്കുന്നത്.
എന്നാൽ, പാലക്കാട് സംഭവത്തിൽ കളക്ടർ റിപ്പോർട്ട് വൈകിപ്പിക്കുകയാണെന്ന ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിക്കാതെ പോലീസ് നടത്തിയ കള്ളപ്പണ റെയ്ഡ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ചട്ടലംഘനമാണെന്ന പരാതിയാണ് ഉയർന്നത്.
പോലീസ് നടപടി സംബന്ധിച്ചു സാധാരണയായി തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടും വാങ്ങാറുണ്ട്. എന്നാൽ, പാലക്കാട് സംഭവവുമായി ബന്ധപ്പെട്ടു ഡിജിപിയോടു തെരഞ്ഞെടുപ്പു കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടില്ല. റിപ്പോർട്ട് തേടിയാൽ വേഗത്തിൽ സ്ഥിതിവിവര റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് ആസ്ഥാനവും ഒരുങ്ങിയിട്ടുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരാതി നൽകിയിട്ടും നടപടി വരാത്തതിൽ കോണ്‍ഗ്രസിനും യുഡിഎഫിനും അതൃപ്തിയുണ്ട്. കേന്ദ്ര സർക്കാരിന്റെ കൂടി ഇടപെടലുകളുടെ അടിസ്ഥാനത്തിലാകും തുടർ നടപടി വൈകിപ്പിക്കുന്നതെന്നാണു പ്രതിപക്ഷം കരുതുന്നത്.
പോലീസിനെ പ്രതിക്കൂട്ടിലാകും വിധത്തിലുള്ള പരാതിയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും റിപ്പോർട്ട് തേടിയതല്ലാതെ തുടർ നടപടിയിലേക്കു കടന്നിട്ടില്ല. ഉപ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി കായിക വകുപ്പു സെക്രട്ടറിയായിരുന്ന പ്രണാബ്കുമാർ ജ്യോതിനാഥിനെ നിയമിക്കുന്നത്.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമനം കൂടി ലഭിച്ച ഇദ്ദേഹം ഉപതെരഞ്ഞെടുപ്പിനു ശേഷം തെരഞ്ഞെടുപ്പു കമ്മീഷനിലെ സിഇഒ പദവി ഉപേക്ഷിച്ച് കേന്ദ്ര ഡെപ്യൂട്ടേഷനിൽ സ്വന്തം സംസ്ഥാനത്തേയ്ക്കു പോകാനും സാധ്യതയുണ്ട്.
ഇതിനാൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകളെ പിണക്കുന്ന സമീപനം സ്വീകരിക്കാതെ നിലവിലെ സിഇഒ ഒഴിഞ്ഞു മാറുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസും യുഡിഎഫും ഉയർത്തുന്നത്.