മൂന്നു മുന്നണികൾക്കും നിർണായകമായ മൂന്നു തെരഞ്ഞെടുപ്പുകൾ
Wednesday, October 16, 2024 2:24 AM IST
സാബു ജോണ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുന്പ് കേരളം ഒരിക്കൽകൂടി പോളിംഗ് ബൂത്തിലേക്കു നീങ്ങുന്നു. ഒരു ലോക്സഭാ സീറ്റിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും മാത്രമാണു തെരഞ്ഞെടുപ്പ് എങ്കിലും മൂന്നു മുന്നണികൾക്കും ഇതു നിർണായകമാണ്. ലോക്സഭയിലേക്കും നിയമസഭയിലേക്കും ജനം വ്യത്യസ്തമായി ചിന്തിക്കുന്നു എന്ന സിദ്ധാന്തം ശരിയാകുമോ എന്നും ഈ ഉപതെരഞ്ഞെടുപ്പുകൾ തെളിയിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം യുഡിഎഫിന് അനിവാര്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം തുടർന്നില്ലെങ്കിൽ അത് അപകടമാകുമെന്ന മുൻകാല അനുഭവം അവർക്കു മുന്നിലുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ എൽഡിഎഫിന്റെ തിരിച്ചവരവ് പാലാ ഉപതെരഞ്ഞെടുപ്പിലൂടെ ആയിരുന്നല്ലോ.
കെ.എം. മാണിയുടെ തട്ടകമായിരുന്ന പാലാ പിടിച്ചെടുത്തുകൊണ്ട് എൽഡിഎഫ് തുടക്കമിട്ട പടയോട്ടം ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തുടർവിജയത്തിലാണ് അവസാനിച്ചത്. ചരിത്രം ആവർത്തിക്കാൻ എൽഡിഎഫ് ശ്രമിക്കുന്പോൾ യഥാർഥത്തിൽ സർക്കാർ വിരുദ്ധവികാരം നിലനിൽക്കുന്നു എന്നു ബോധ്യപ്പെടുത്തേണ്ട ഭാരിച്ച ചുമതല യുഡിഎഫിനുണ്ട്.
തൃശൂർ സീറ്റ് പിടിച്ചെടുത്തും വോട്ട് വിഹിതം 20 ശതമാനത്തിനു മുകളിലെത്തിച്ചും മികച്ച മുന്നേറ്റം നടത്തിയ എൻഡിഎയ്ക്ക് അതിന്റെ തുടർച്ച സൃഷ്ടിക്കാൻ പറ്റിയ അവസരമാണ് ഇത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാലക്കാട് സീറ്റിൽ രണ്ടാമതു വന്നത് അവരായിരുന്നു.
വയനാട് മണ്ഡലത്തിൽ യുഡിഎഫിനു സ്ഥാനാർഥിയായി കഴിഞ്ഞു. അവിടെ വലിയ കണക്കുകൂട്ടലുകളുടെയൊന്നും ആവശ്യമില്ല. അവശേഷിക്കുന്നത് ചേലക്കരയും പാലക്കാടുമാണ്. ചേലക്കരയിൽ 1996 മുതൽ എൽഡിഎഫ് തുടർച്ചയായി ജയിച്ചു വരികയാണ്.
1991ൽ എം.പി. താമി കോണ്ഗ്രസ് സ്ഥാനാർഥിയായി ഇവിടെ ജയിച്ചതാണ് യുഡിഎഫിന്റെ അവസാനജയം. 1996ൽ കെ. രാധാകൃഷ്ണൻ 2,323 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത മണ്ഡലത്തെ 2016ൽ യു.ആർ. പ്രദീപ് പ്രതിനിധീകരിച്ചതൊഴിച്ചാൽ രാധാകൃഷ്ണന്റെ തട്ടകമാണ്.
2021ൽ രാധാകൃഷ്ണൻ ഇവിടെനിന്നു ജയിച്ചത് 39,400 വോട്ടിന്റെ വന്പൻ ഭൂരിപക്ഷത്തിനാണ്. ആ ഭൂരിപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ 5,173 വോട്ടിലേക്കു കുറച്ചു കൊണ്ടുവരാൻ സാധിച്ചതിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.
പാലക്കാട്ടെ സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇവിടെ രണ്ടാം സ്ഥാനത്തു ബിജെപിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷാഫി പറന്പിലും ഇ. ശ്രീധരനും തമ്മിലുള്ള പോര് കേരളത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. ലീഡ് മാറിമറിഞ്ഞ വോട്ടെണ്ണലിനൊടുവിൽ 3,859 വോട്ടുകൾക്കായിരുന്നു ഷാഫിയുടെ വിജയം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വി.കെ. ശ്രീകണ്ഠന് ബിജെപിയുടെ സി. കൃഷ്ണകുമാറിനേക്കാൾ 9,400 വോട്ടിന്റെ മുൻതൂക്കം നേടാനായത് യുഡിഎഫിനു പ്രതീക്ഷ പകരുന്നു. ഏതായാലും വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടും തയാറെടുക്കുന്നത്.
പാലക്കാടും ചേലക്കരയിലും മത്സരിക്കുന്നത് ഷാഫി പറന്പിലും കെ. രാധാകൃഷ്ണനുമല്ല എന്നതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമാകും. ഇരുവരുടെയും മികച്ച പ്രതിച്ഛായായിരുന്നു ഇവരുടെ തുടർവിജയം സാധ്യമാക്കിക്കൊണ്ടിരുന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് തിളക്കമാർന്ന വിജയം നേടി. അതു രണ്ടും പക്ഷേ യുഡിഎഫ് കോട്ടകളിലായിരുന്നു. ഇത്തവണ അങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് വയനാടിന്റെ കാര്യം മാത്രമാണ്.