പാർട്ടിക്കുള്ളിലും പുറത്തും സമ്മർദമേറുന്നു; ദിവ്യയോട് രാജി ആവശ്യപ്പെട്ടേക്കും
Wednesday, October 16, 2024 2:24 AM IST
കണ്ണൂര്‍: യാത്രയയപ്പ് യോഗത്തിൽ കടന്നുകയറി, സ്ഥലം മാറിപ്പോകുന്ന എഡിഎമ്മിനെതിരേ അധിക്ഷേപം നടത്തുകയും ഇതിനു പിന്നാലെ എംഡിഎം ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പാർട്ടിക്കുള്ളിലും പുറത്തും ഒറ്റപ്പെടുന്നു.
പി.പി. ദിവ്യയെ പരസ്യമായി തള്ളിപ്പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കു പിന്നാലെ കണ്ണൂർ ജില്ലാ കമ്മിറ്റിയും പി.പി. ദിവ്യയെ കൈയൊഴിഞ്ഞ നിലയിലാണ്.
പത്തനംതിട്ടയിലെ പാർട്ടി ജില്ലാകമ്മിറ്റിയംഗം മലയാലപ്പുഴ മോഹന്‍ പി.പി. ദിവ്യക്കെതിരേ നേതൃത്വത്തിനു പരാതി നല്‍കുമെന്നും നടപടിയില്ലെങ്കില്‍ സ്വകാര്യഅന്യായം ഫയല്‍ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിളിക്കാത്ത ചടങ്ങില്‍ ദിവ്യ പങ്കെടുത്തത് ദുരുദ്ദേശ്യത്തോടെയാണെന്നാണു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിരീക്ഷണം.
ഇതിനു പിന്നാലെ കണ്ണൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലും പി.പി.ദിവ്യയുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തുന്നുണ്ട്. എഡിഎമ്മിനെ അപമാനിക്കാന്‍ പ്രാദേശിക ചാനല്പ്രവര്ത്തകനെയും കൂട്ടിയായിരുന്നു ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് യോഗത്തില്‍ പി.പി. ദിവ്യ എത്തിയതെന്നും ആരോപണമുണ്ട്.
ഇടത് അനുകൂല സർവീസ് സംഘടനയിൽ അംഗങ്ങളാണ് മരിച്ച നവീൻബാബുവും ഭാര്യയും. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയത് സിപിഎം അംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണെന്നതു കേരള എൻജിഒ യൂണിയനെയും ചൊടിപ്പിച്ചിട്ടുണ്ട്.
ദിവ്യക്കെതിരേ നടപടി വേണമെന്ന നിലപാടാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ മുന്നോട്ടു വയ്ക്കുന്നത്. നവീന്‍ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരേ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നുമുള്ള റവന്യൂമന്ത്രി കെ.രാജന്റെ പ്രസ്താവന സിപിഐയുടെകൂടി നിലപാടായാണ് വിലയിരുത്തുന്നത്.
അതിനിടെ, ദിവ്യയെ സംരക്ഷിച്ചാല്‍ ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്നുമാണു സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ദിവ്യയുടെ സംരക്ഷണ ബാധ്യത പാർട്ടി ഏറ്റെടുക്കില്ലെന്നും രാജി നിർദേശം നൽകുമെന്നുമാണു പാർട്ടി കേന്ദ്രങ്ങളിൽനിന്നുള്ള സൂചന.
നവീൻ ബാബുവിന്റെ മാതാപിതാക്കളായ കൃഷ്ണൻനായരും രത്നമ്മയും പാർട്ടിയോട് അടുപ്പമുള്ളവരാണ്. 1979ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രത്നമ്മ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്നു. ഭാര്യയും കുടുംബാംഗങ്ങളും സിപിഎം അനുഭാവം പുലർത്തുന്നവരുമാണ്.