ഷിബിന്‍ കൊലക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്
Wednesday, October 16, 2024 2:24 AM IST
കൊച്ചി: നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികളില്‍ ഏഴ് പേര്‍ക്കു ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു.
എരഞ്ഞിപ്പാലം സ്പെഷല്‍ അഡീഷണല്‍ കോടതി വിധി ചോദ്യം ചെയ്യുന്ന അപ്പീലുകളിലാണ് ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍, ജസ്റ്റീസ് സി. പ്രതീപ് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഒന്നും രണ്ടും പ്രതികളായ തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മായില്‍, സഹോദരന് മുനീര്‍, നാലു മുതല്‍ ആറു വരെ പ്രതികളായ വാരാങ്കി താഴെകുനി സിദ്ദീഖ്, മനിയന്റവിട മുഹമ്മദ് അനീസ്, കളമുള്ളതാഴെ കുനി ഷുഹൈബ്, 15ഉം 16ഉം പ്രതികളായ കൊച്ചന്റവിട ജാസിം, കടയംകോട്ടുമ്മല്‍ സമദ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മൂന്നാം പ്രതി അസ്ലമിനെ കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും 2016ല്‍ കൊല്ലപ്പെട്ടതിനാല്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
കുറ്റക്കാരെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒന്നാം പ്രതി ഇസ്മായില്‍ കീഴിടങ്ങിയില്ല. ഇയാള്‍ക്കും ഹൈക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാ വിധിയിലുള്ള വാദത്തിനായി മറ്റു പ്രതികള്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കൊലപാതകം (302), വധശ്രമം (307), മാരകായുധങ്ങള്‍കൊണ്ട് ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍ (324), കലാപമുണ്ടാക്കല്‍ (147), കുറ്റവാളികളെ ഒളിപ്പിക്കല്‍ (212), തെളിവ് നശിപ്പിക്കല്‍ (201) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. കേസിലെ കുറ്റപത്രത്തില്‍ ആകെ 17 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്.
2015 ജനുവരി 22നാണ് നാദാപുരം വെള്ളൂരില്‍ വച്ച് ഷിബിന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ലീഗ് പ്രവര്‍ത്തകര്‍ പൊടി പറത്തിയതിനെ ഡിവൈഎഫ്ഐക്കാര്‍ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഷിബിന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നു സര്‍ക്കാരും ഷിബിന്റെ പിതാവും ആക്രമണത്തില്‍ പരിക്കേറ്റവരും വാദിച്ചെങ്കിലും വഴക്കിനിടെയുള്ള കൊലപാതകമായതിനാല്‍ കടുത്ത ശിക്ഷ ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
പല വകുപ്പുകളിലായി ആറര വര്‍ഷത്തെ തടവുശിക്ഷ കൂടി വിധിച്ചിട്ടുണ്ട്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവില്‍ പറയുന്നു. പിഴത്തുകയില്‍ അഞ്ചു ലക്ഷം രൂപ ഷിബിന്റെ പിതാവിനു നല്‍കണമെന്നുമാണ് കോടതി ഉത്തരവ്.