പൂരം വിവാദച്ചൂടിനു പിന്നാലെ തെരഞ്ഞെടുപ്പു ചൂട്
Wednesday, October 16, 2024 12:22 AM IST
തൃശൂർ: പൂരം വിവാദങ്ങളുടെ ചൂടാറുംമുന്പു നടക്കുന്ന ചേലക്കര ഉപതെരഞ്ഞെടുപ്പ് മൂന്നു മുന്നണികൾക്കും അഭിമാനപോരാട്ടമാകും. യുഡിഎഫ് മുൻ എംപി രമ്യ ഹരിദാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു.
എൽഡിഎഫിൽ മുൻ എംഎൽഎ യു.ആർ. പ്രദീപിനാണു മുൻതൂക്കം. ബിജെപി സ്ഥാനാർഥിയായി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ടി.എൻ. സരസു എന്നിവർക്കു സാധ്യത കല്പിക്കുന്നു. കെ. ബാലകൃഷ്ണനുവേണ്ടി ബിജെപി ജില്ലാ കമ്മിറ്റിയും രംഗത്തുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതിനു വലിയ തിരിച്ചടി നേരിട്ട തൃശൂർ ജില്ലയിലെ ഒരു മണ്ഡലമെന്ന നിലയിൽ വിജയത്തിനപ്പുറം മറ്റൊന്നും എൽഡിഎഫിനു ചിന്തിക്കാനാകില്ല. തുടർവിജയങ്ങൾ നേടിയ കെ. രാധാകൃഷ്ണൻ ആലത്തൂർ പാർലമെന്റ് മണ്ഡലം പിടിച്ചതോടെയാണു ചേലക്കരയിൽ ഒഴിവുവന്നത്.
1996 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. രാധാകൃഷ്ണൻ, കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്തുമാത്രമാണു മാറിനിന്നത്. ഇപ്പോൾ പട്ടികജാതി കോർപറേഷൻ ചെയർമാനായ യു.ആർ. പ്രദീപായിരുന്നു 2016-21 കാലഘട്ടത്തിൽ എംഎൽഎ. 2021ൽ വീണ്ടും കെ. രാധാകൃഷ്ണനെ സിപിഎം മത്സരിപ്പിച്ചു.
മന്ത്രിസഭയിൽ അംഗമാക്കുന്നതിനുവേണ്ടിയെന്നായിരുന്നു വിശദീകരണം. ആലത്തൂർ പിടിക്കാൻ കെ. രാധാകൃഷ്ണനെ രംഗത്തിറക്കിയപ്പോൾതന്നെ യു.ആർ. പ്രദീപ് തന്നെയായിരിക്കും നിയമസഭാസ്ഥാനാർഥിയെന്ന് അണികൾക്കിടയിൽ ചർച്ചയുണ്ട്. ചേലക്കര ഏരിയാ കമ്മിറ്റിയംഗം, ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ നാടിനെ അടുത്തറിയുന്നയാൾകൂടിയാണു പ്രദീപ്.
2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ട പി.കെ. ബിജു നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. കരുവന്നൂർ ബാങ്ക് അഴിമതി മൂടിവയ്ക്കാൻ ശ്രമിച്ചെന്ന ആരോപണം, ഒരുവിഭാഗം പ്രവർത്തകരുടെ താത്പര്യക്കുറവ് എന്നിവ ബിജുവിനെതിരേയുണ്ട്.
മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കാൻ നീക്കമുണ്ടാകുമെന്ന വാർത്തകൾ വന്നെങ്കിലും പ്രാദേശികതാത്പര്യങ്ങൾ പരിഗണിച്ചാൽ യു.ആർ. പ്രദീപിനെക്കാൾ സമ്മതനായ ഒരാളെ സിപിഎമ്മിനു ലഭിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ രമ്യ ഹരിദാസിന് കോൺഗ്രസ് നേതൃത്വം ഒരവസരംകൂടി നൽകിയിരിക്കുകയാണ്. തൃശൂരിൽ കെ. മുരളീധരന്റെ കനത്ത തോൽവിയെത്തുടർന്ന് ജില്ലാ കോണ്ഗ്രസ് നേതൃത്വം അടിമുടി ഉലഞ്ഞുനിൽക്കുന്പോൾ വിജയമല്ലാതെ മറ്റൊന്നും അവർക്കും ചിന്തിക്കാനാകില്ല.
തൃശൂരിലെ തോൽവിക്കു ചേലക്കരയിൽ മറുപടി വേണമെന്ന കർശനനിർദേശം കെപിസിസിയും ജില്ലാ നേതാക്കൾക്കു നൽകിയിട്ടുണ്ട്. ചുമതലകളും വിഭജിച്ചുനൽകി മുന്നൊരുക്കങ്ങളും ആരംഭിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ രാധാകൃഷ്ണനെക്കാൾ അയ്യായിരം വോട്ടിന്റെ കുറവുമാത്രമാണ് രമ്യക്കുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ ആ വർഷംതന്നെ അരൂർ മണ്ഡലത്തിൽ മത്സരിച്ചതിനു സമാനമായാണ് രമ്യക്കും അവസരം നൽകിയത്.
ചേലക്കര ഉൾപ്പെടുന്ന ആലത്തൂരിൽ ഒരുലക്ഷത്തോളം വോട്ട് വർധിച്ചതാണ് ബിജെപിയുടെ പ്രതീക്ഷ. സരസുവിന് 28,974 വോട്ടുകളാണ് ചേലക്കരയിൽ ലഭിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ നാലായിരത്തോളം വോട്ടുകൾ കൂടി.
1965 ൽ നിലവിൽ വന്ന പട്ടികജാതിസംവരണ മണ്ഡലമായ ചേലക്കരയിൽ ആറുവട്ടം കോണ്ഗ്രസും എട്ടുതവണ സിപിഎമ്മുമാണ് വിജയിച്ചത്. ദേശമംഗലം, വരവൂർ, വള്ളത്തോൾനഗർ, മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര, കൊണ്ടാഴി, പഴയന്നൂർ, തിരുവില്വാമല എന്നീ ഒന്പതു പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.
ആറിലും എൽഡിഎഫ് ഭരണം. കൊണ്ടാഴിയിലും പഴയന്നൂരിലും യുഡിഎഫ്. തിരുവില്വാമല പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ എത്തിയെങ്കിലും സിപിഎമ്മും കോണ്ഗ്രസും സംയുക്തമായി നടത്തിയ അവിശ്വാസനീക്കത്തിൽ ഭരണംപോയി.